നടി പാര്‍വതി തിരുവോത്തിന് ബോധപൂര്‍വം അവസരം നിഷേധിച്ചതായി അറിയില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. പരാതി പറഞ്ഞതിന്‍റെ പേരില്‍ ആരെയും ഒഴിവാക്കാന്‍ സിനിമയ്ക്ക് കഴിയില്ല. സക്സസ്ഫുളായ സിനിമകളുടെ ഭാഗമായവര്‍ക്ക് കൂടുതല്‍ കൂടുതല്‍ സിനിമകള്‍ ഉണ്ടാകും.
പാര്‍വതി കഴിവുള്ള നടിയാണ്. പാര്‍വതി അടുത്തിടെയും നല്ല സിനിമകളില്‍ അഭിനയിച്ചതാണ്. അങ്ങനെയുള്ള ഒരാളുടെ അവസരം കളഞ്ഞിട്ടില്ല. 'ഞാനും സിനിമയില്‍ അഭിനയിക്കുന്ന ആളാണ്. എന്നെയും കുറേ ആളുകള്‍ ഒഴിവാക്കി എന്ന് എനിക്ക് പറയാം. എന്നെ അങ്ങനെ ആരും ഒഴിവാക്കിയിട്ടില്ല. ഒരുപാട് കാര്യങ്ങള്‍ ഒത്തുവരുമ്പോഴാണ് സിനിമകളില്‍ അഭിനയിക്കാന്‍ കഴിയുന്നത് അല്ലെങ്കില്‍ സിനിമകള്‍ ഉണ്ടാകുന്നത്'. താരങ്ങള്‍ വിചാരിച്ചാല്‍ സിനിമയില്‍ നിന്ന് സ്വയം ഒഴിവാകാം. അല്ലാതെ സിനിമ ഉണ്ടാക്കാന്‍ പറ്റില്ലെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരുകഥ ആവശ്യപ്പെടുന്ന, കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായവരെ ആണ് ആദ്യം സമീപിക്കുന്നത്. അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റുള്ളവരിലേക്ക് പോകുന്നത്. അല്ലാതെ അവിടെ കുറേ ആളുകളിരുന്നിട്ട് നമുക്ക് ഇന്നയാള് മതി, അല്ലെങ്കില്‍ ഇയാള് വേണ്ട എന്നിങ്ങനെ തീരുമാനിക്കില്ല. സിനിമകള്‍ കിട്ടിയാലേ അഭിനേതാക്കള്‍ക്ക് അഭിനയിക്കാനാവൂ. നിര്‍മാതാക്കളും സംവിധായകരും അവസരം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.