ഞാനെത്ര കര്‍മം ചെയ്തിട്ടും അച്ഛന്റെ ആത്മാവ് ഇവിടെത്തന്നെ നില്‍ക്കുകയാണെന്ന് മനസിലായതോടെ താന്‍ കര്‍മംചെയ്യല്‍ നിര്‍ത്തിയെന്ന് നടന്‍ ഷമ്മി തിലകന്‍. അപ്പോള്‍ അതിനൊരു തീരുമാനമായിട്ടാവാം ബാക്കി കര്‍മം ചെയ്യല്‍ എന്ന് താന്‍ തീരുമാനിച്ചു. 2018ല്‍ അതിഥിയായി വിളിച്ച മീറ്റിങ്ങില്‍ ജോയ്‌മാത്യുചേട്ടന്‍ പറഞ്ഞു, തിലകന്റെ പ്രാക്ക് ആണ് ഈ സംഘടനയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന്. അന്നേരം എല്ലാവരും തലയാട്ടി സമ്മതിച്ചതും ശ്രദ്ധിച്ചു. അതിനര്‍ത്ഥം അച്ഛന്റെ ആത്മാവ് ഇവിടെത്തന്നെയുണ്ടെന്നാണ്. അതോട് കൂടി താന്‍ തീരുമാനിച്ചു ഇനി കര്‍മം ചെയ്തിട്ട് കാര്യമില്ലെന്ന്. അതുവരെ അദ്ദേഹത്തിനു വേണ്ടി കൃത്യമായി കര്‍മം ചെയ്യുന്ന മകനായിരുന്നു ഞാന്‍. ഇനിയേതായാലും അടുത്ത 24ാം തിയ്യതി കര്‍മം ചെയ്യാമെന്ന് കരുതുകയാണെന്നും ഷമ്മി തിലകന്‍ പറയുന്നു.
അതേസമയം അമ്മ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചത് അനിവാര്യതയെന്നും ഷമ്മി തിലകന്‍ പറയുന്നു. ഉപ്പ് തിന്നു വെള്ളം കുടിച്ചു, അത്രയേ പറയാനുള്ളൂ. എന്നെ സംഘടനയില്‍ നിന്നും പുറത്താക്കിയത്, കാരണംകാണിക്കല്‍ നോട്ടീസിന് കൃത്യമായ മറുപടി കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു. അന്ന് കൃത്യമായി മറുപടി കൊടുത്തതാണ്, എന്നാല്‍ സംഘടനക്ക് മുന്‍പില്‍ നേരിട്ട് ഹാജരാവണം എന്നാവശ്യപ്പെട്ടിരുന്നു, അതിനു സാധിക്കില്ലെന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു പുറത്താക്കലെന്നും ഷമ്മി മനോരമന്യൂസിനോട് പറഞ്ഞു.
തനിക്കെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ് രാജിയെന്ന് നടന്‍ സിദ്ദിഖ് മനോരമന്യൂസിനോട് പറഞ്ഞു. ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തു നിന്നും സംവിധായകൻ രഞ്ജിത്തും രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടി പറഞ്ഞു. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് സമ്മര്‍ദ്ദം ഉയർന്നിരുന്നു. വയനാട്ടിലെ റിസോർട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത്, ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.