2013ലാണ് താന്‍ സിനിമയിലെത്തുന്നതെന്നും അക്കാലത്താണ് തനിക്ക് യുവനടനില്‍ നിന്നും ദുരാനുഭവം ഉണ്ടായതെന്നും നടി സോണിയ മല്‍ഹാര്‍. വാഷ്റൂമില്‍ നിന്നും തിരിച്ചുവരുന്ന വഴി യുവനടന്‍ പെട്ടെന്ന് കടന്നുപിടിക്കുകയായിരുന്നു . തൊടുപുഴയില്‍ നടന്ന ഷൂട്ടിങ് സെറ്റിലേക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണ് അവസരം ലഭിച്ചത്. ഗോഡൗണ്‍ പോലുള്ള സ്ഥലമായിരുന്നു അത്. യുവനടന്റെ പെട്ടെന്നുള്ള പെരുമാറ്റത്തില്‍ ഭയന്നു കരഞ്ഞു. കരഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞു.
എന്താണ് നിങ്ങളൊക്കെ ഈ രീതിയില്‍ പെരുമാറുന്നതെന്ന് ചോദിച്ചപ്പോള്‍ എന്റെ സ്വഭാവം ഇഷ്ടമാണെന്നും ആ സമയത്ത് അങ്ങനെ തോന്നിയെന്നും അയാള്‍ പറഞ്ഞു. കറുത്ത ടീഷര്‍ട്ടും ബ്ലൂ ജീന്‍സുമായിരുന്നു എന്റെ വേഷം, അത് ഇഷ്ടപ്പെട്ടെന്നും എന്നെക്കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ അറിയുമെന്നും പറഞ്ഞു. മൂന്നുനാലു ദിവസത്തെ ഷൂട്ടിനുശേഷം വീട്ടിലേക്ക് തിരിച്ചുവന്നു. എങ്കിലും ആ മനപ്രയാസം അതുപോലെ നില്‍ക്കുകയായിരുന്നെന്നും സോണിയ മല്‍ഹാര്‍.
വീട്ടില്‍വന്ന് സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ എങ്കില്‍ ഇനി അഭിനയിക്കാന്‍ പോവേണ്ടെന്ന് പറഞ്ഞു. പ്രശ്നമുണ്ടാക്കണോ എന്നു ചോദിച്ചപ്പോള്‍ സിനിമാമേഖലയില്‍ പോരാടാനൊന്നും നമ്മളെപ്പോലുള്ളവര്‍ക്കൊന്നും പറ്റില്ലെന്ന് താന്‍ മറുപടി പറഞ്ഞെന്നും സോണിയ വ്യക്തമാക്കുന്നു. പിന്നീട് കുടുംബപ്രാരാബ്ധങ്ങള്‍ വന്നപ്പോള്‍ വീണ്ടും സിനിമയിലേക്ക് വരികയായിരുന്നുവെന്നും സോണിയ . ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആ റിപ്പോര്‍ട്ട് നിഷേധിക്കുന്ന ചില പ്രതികരണങ്ങള്‍ കണ്ടു. അങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്താനാണ് അന്നത്തെ ദുരാനുഭവം ഇപ്പോള്‍ പറയുന്നതെന്നും സോണിയ വ്യക്തമാക്കി.