joy-mathew

Image Credit: Facebook

താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. തങ്ങളാരും സംഘടനയില്‍ നിന്നും രാജി വെക്കുന്നില്ലെന്നും ഭരണസമിതിയില്‍ നിന്നുമാണ് രാജി വെച്ചതെന്നും ജോയ് മാത്യു പറഞ്ഞു. അതേസമയം കുറ്റാരോപിതര്‍ ആയ സമയത്ത് അവര്‍ രാജി എഴുതി തന്നാല്‍ പിന്നെ എന്ത് ശിക്ഷയാണ് കൊടുക്കുകയെന്നും രാജി വെച്ചവരെ പുറത്താക്കാന്‍ പറ്റുമോ എന്നും ജോയ് മാത്യു ചോദിച്ചു. കുറ്റാരോപിതര്‍ക്കെതിരെ ഗവണ്‍മെന്‍റ് നടപടിയെടുക്കുമല്ലോ. അത് അതിന്‍റെ വഴിക്ക് പോകട്ടെ എന്നുമായിരുന്നു ജോയ് മാത്യുവിന്‍റെ പ്രതികരണം. 

‍ജോയ് മാത്യുവിന്‍റെ വാക്കുകള്‍ ഇങ്ങനെ:

'സ്ത്രീകളുടെ ഭാഗത്തു നിന്ന് ശക്തരായിട്ടുളള സ്ഥാനാര്‍ഥികള്‍ വരികയാണെങ്കില്‍ അവര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത് നല്ല കാര്യം. ഞങ്ങളാരും സംഘടനയില്‍ നിന്നും രാജി വെക്കുന്നില്ല. ഭരണസമിതിയില്‍ നിന്നുമാണ് രാജി വെക്കുന്നത്. സംഘടനയില്‍ നിന്നും രാജി വെക്കുമ്പോഴാണ് ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒഴിഞ്ഞുപോകുന്നു അല്ലെങ്കില്‍ പേടിച്ചോടുക എന്നു പറയുക. എന്നാല്‍ ഞങ്ങള്‍ അതേ സംഘടനയില്‍ തന്നെ നില്‍ക്കുന്നു. കുറ്റാരോപിതര്‍ ആയ സമയത്ത് അവര്‍ രാജി എഴുതി തന്നാല്‍ പിന്നെ എന്ത് ശിക്ഷയാണ് കൊടുക്കുക. രാജി വെച്ചവരെ പുറത്താക്കാന്‍ പറ്റുമോ. രാജി വെക്കുന്നില്ല ഞങ്ങളിവിടെ പിടിച്ചുതൂങ്ങുകയാണെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ തീര്‍ച്ചയായും പിടിച്ച് പുറത്താക്കും. അങ്ങനെയാണ് ഞങ്ങളുടെ തീരുമാനം.  പക്ഷേ അവര്‍ സ്വമേധയാ പോയി'. 

'ആരൊക്കെ രാജി സന്നദ്ധത അറിയിച്ചു ആരൊക്കെ അറിയിച്ചില്ല എന്നതെല്ലാം സംഘടയ്ക്കുളളില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്. ഇങ്ങനൊരു അഭിപ്രായം ഉയര്‍ന്നുവന്നപ്പോള്‍ എല്ലാവരും രാജി സന്നദ്ധത അറിയിക്കുകയാണ് ഉണ്ടായത്. മോഹന്‍ലാല്‍ വികാരധീനനായോ എന്നൊന്നും എനിക്കറിയില്ല. വളരെ നല്ല രീതിയിലാണ് ഈ ഭരണ സമിതി വന്നത്. അതും തിരഞ്ഞെടുപ്പിലൂടെ. ഒരുപാട് നല്ല കാര്യങ്ങളൊക്കെ ചെയ്യാനുളള തീരുമാനം ഉണ്ടായിരുന്നു. നാല് സത്രീ അംഗങ്ങള്‍ വളരെ സജീവമായി എക്സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ടായിരുന്നു. ഒരുപാട് കാര്യം പ്ലാന്‍ ചെയ്തിരുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പെട്ടെന്ന് തിരശീല വീണതുപോലെ. അതിന്‍റെ വിഷമം എല്ലാവര്‍ക്കുമുണ്ട്. കുറ്റാരോപിതര്‍ക്കെതിരെ ഗവണ്‍മെന്‍റ് നടപടിയെടുക്കുമല്ലോ. അത് അതിന്‍റെ വഴിക്ക് പോകട്ടെ. ഹേമ കമ്മിറ്റി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നോക്കാം' എന്നായിരുന്നു ജോയ് മാത്യുവിന്‍റെ പ്രതികരണം. 

 
ENGLISH SUMMARY:

Joy Mathew reacts AMMA collective resignation