jeo-baby-04

ജനപ്രിയമാകുമെന്ന് കരുതിയെടുത്ത സിനിമയല്ല 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ'ന്ന് സംവിധായകന്‍ ജിയോ ബേബി. അടുത്ത സിനിമ രാഷ്ട്രീയം പറയുന്ന സിനിമയാവണം എന്ന് തീരുമാനിച്ച് ചെയ്യുന്നതല്ല. എനിക്ക് കുറച്ച് കൂടി പരിചയമുള്ള കാര്യങ്ങള്‍ സിനിമയാക്കുന്നുവെന്നേയുള്ളൂ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ നിമിഷയുടെയും സുരാജിന്‍റെയും കാരണവരുടേയും  കഥാപാത്രം താന്‍ തന്നെയാണെന്നും ജിയോ മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. 

സിനിമ തന്‍റെ ജീവിതത്തിലും മാറ്റമുണ്ടാക്കിയെന്നും ചിത്രത്തിന് ലഭിച്ച സ്വീകാര്യത കണ്ണുതുറപ്പിച്ചുവെന്നും ജിയോ ബേബി പറഞ്ഞു. കുടുംബത്തിനുള്ളില്‍ ഓരോ ചെറിയ കാര്യം ചെയ്യുമ്പോഴും അഭിപ്രായം ചോദിക്കാന്‍ തുടങ്ങി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ചെയ്യുമ്പോള്‍ സംവിധാന സഹായിയായോ, ടീമിലോ ഒരു സ്ത്രീ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ 'കാതലി'ലേക്ക് എത്തിയപ്പോള്‍ അണിയറയിലെ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവെന്നും ബോധപൂര്‍വം കൊണ്ടുവന്ന മാറ്റമാണതെന്നും ജിയോ വെളിപ്പെടുത്തി. സിനിമകളിലെ ക്രിയേറ്റീവ് ഹെഡ് പങ്കാളി ബീനയാണ്. ടീമില്‍ പെണ്‍കുട്ടികള്‍ വന്നത് ക്രിയേറ്റീവായി സിനിമയെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിനിമകളെ കുറിച്ചുയരുന്ന വിമര്‍ശനങ്ങള്‍ നല്ലതാണ്. അത് പോസിറ്റീവായ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കും. സിനിമ കണ്ട് തീയറ്ററിലെത്തുന്ന ആളുകള്‍ ചിരിക്കുന്നത് സന്തോഷമാണ്. കുറച്ച് കൂടി എന്‍റര്‍ടൈനിങായ സിനിമ ചെയ്യുകയാണ് ലക്ഷ്യമെന്നും ജിയോ വെളിപ്പെടുത്തി.

ENGLISH SUMMARY:

Manoramanews conclave 2024 director Jeo baby