തമിഴ് സിനിമയില്‍ വര്‍ധിച്ചുവരുന്ന മലയാളി പ്രാധിനിത്യത്തെ ചോദ്യം ചെയ്ത് നടി ഷക്കീല. എന്തിനാണ് കേരളത്തില്‍ നിന്ന് നായികമാരെ കൊണ്ടുവന്ന് തമിഴ്നാട്ടില്‍ നമ്പര്‍ വണ്‍ സ്റ്റാറാക്കി വച്ചിരിക്കുന്നെന്നും ഇവിടെ സുന്ദരികളായ നായികമാര്‍ ഇല്ലാത്തതുകൊണ്ടാണോ എന്നുമാണ് താരം ചോദിക്കുന്നത്. തമിഴ് പെണ്ണായ തന്നെ മലയാള സിനിമ ഇല്ലാതാക്കിയെന്നും താരം ആരോപിക്കുന്നുണ്ട്.
തന്‍റെ സിനിമകള്‍ ഇല്ലാതാക്കിയത് താര സംഘടനയായ അമ്മയാണെന്നും ഷക്കീല വെളിപ്പെടുത്തി . മരിച്ചുപോയ ഒരു അഭിനേതാവാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും താരം തുറന്നുപറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്ത് നീതിയാണ് ആ പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുത്തതെന്നും ഷക്കീല ചോദിച്ചു. തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍
ഷക്കീലയുടെ വാക്കുകള്‍
ഇവിടെ സുന്ദരികളായ നായികമാര്‍ ഇല്ലാത്തതുകൊണ്ടാണോ കേരളത്തില്‍ നിന്ന് നായികമാരെ കൊണ്ടുവരുന്നത്. കേരളത്തില്‍ നിന്ന് കൊണ്ടുവന്ന് തമിഴ്നാട്ടില്‍ നമ്പര്‍ വണ്‍ സ്റ്റാറാക്കി വച്ചിരിക്കുന്നത് എന്തിനാണ്. ഇവിടെ നിന്നും പോകുന്ന നായികമാരെല്ലാം അഭിനയിച്ചതിന് ശേഷം തിരിച്ചുവരും. എന്നാല്‍ ഇവിടെ അവരെ കൂട്ടിക്കൊണ്ടുവന്ന് നമ്മുടെ നാടിന്‍റെ മരുമകളാക്കുകയാണ്. അതും കേരളത്തില്‍ നിന്ന്. 24 വര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ പെണ്‍കുട്ടി കേരളത്തില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് എല്ലാ സംവിധായകര്‍ക്കും അറിയാം. എന്നിട്ടും എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ എത്ര ആളുകള്‍ അവസരത്തിനായി കാത്തിരിക്കുന്നു. പിന്നെ എന്തിനാണ് അവിടെ നിന്ന് അവരെ കൊണ്ടുവരുന്നത്. എത്ര മലയാളം ആര്‍ട്ടിസ്റ്റുകളാണ് ഇവിടെ അഭിനയിക്കുന്നത്. കമല്‍ സാറിന്‍റെ സിനിമയില്‍ പോലും മലയാളികളാണ് അഭിനയിക്കുന്നത്. ആ വേഷം ചെയ്യാന്‍ ഇവിടെ ആളില്ലേ. മലയാളത്തിലെ അഭിനേതാക്കാളെക്കാള്‍ നന്നായി അഭിനയിക്കുന്ന തമിഴ് താരങ്ങള്‍ ഉണ്ട്, അവര്‍ക്ക് അവസരം കൊടുത്തണം. ഇതുകൊണ്ടുതന്നെ തമിഴ് സിനിമയോട് എനിക്ക് ദേഷ്യമുണ്ട്