തന്‍റെ സിനിമകള്‍ ഇല്ലാതാക്കിയത് താര സംഘടനയായ അമ്മയാണെന്ന് വെളിപ്പെടുത്തി നടി ഷക്കീല. മരിച്ചുപോയ ഒരു അഭിനേതാവാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നും താരം തുറന്നുപറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്ത് നീതിയാണ് ആ പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുത്തതെന്നും ഷക്കീല ചോദിച്ചു. തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍
ഷക്കീലയുടെ വാക്കുകള്‍
2000ത്തില്‍ എന്‍റെ സിനിമകളെ ബാന്‍ ചെയ്തതും സെന്‍സറിങ്ങ് കൊടുക്കാതിരുന്നതുമെല്ലാം അമ്മ അസോസിയേഷനാണ്. മരിച്ചുപോയ ഒരു അഭിനേതാവ് കാരണമാണ് അമ്മ അസോസിയേഷന്‍ എനിക്കെതിരെ ചെയ്തത് ഞാന്‍ തിരിച്ചറിഞ്ഞത്. ഞാന്‍ എന്താണ് ചെയ്തത്, അഭിനയിച്ചു, കല്ല്യാണ മണ്ഡപങ്ങളായി മാറേണ്ടിയിരുന്ന തിയറ്ററുകളെ തിരികെ കൊണ്ടുവന്നു, എന്‍റെ സിനിമകളില്‍ നിന്ന് നിങ്ങള്‍ക്ക് ടാക്സ് ലഭിച്ചു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്. പുരുഷാധിപത്യ സമുഹമാണ് കേരളത്തിലുള്ളത്. അവരുടെ സംസ്ഥാനത്ത് മറ്റൊരു സംസ്ഥാനത്തെ പെണ്‍കുട്ടി വന്ന് അവരെക്കാള്‍ കളക്ഷനുള്ള സിനിമകള്‍ ചെയ്താല്‍ അവര്‍ വെറുതെ വിടുമോ?. 2000lത്തില്‍ ഞാന്‍ ഇതിനെക്കുറിച്ച് പറഞ്ഞതാണ് അന്ന് എന്നെ ആരും സപ്പോര്‍ട്ട് ചെയ്തില്ല. എന്നെക്കൊണ്ട് തന്നെ സിനിമ വേണ്ടെന്ന് പറയിപ്പിക്കുന്ന രീതിയിലേക്ക് എന്നെ ദ്രോഹിച്ചു.
എനിക്ക് പേരും പ്രശസ്തിയും തന്നത് കേരളമാണ്. അത് മറന്നിട്ടല്ല ഞാന്‍ സംസാരിക്കുന്നത്. കേരളത്തിലെ ജനങ്ങളോട് എനിക്ക് യാതൊരു പ്രശ്നവുമില്ല. എന്‍റെ സിനിമകള്‍ തിയറ്ററില്‍ എത്തിക്കാതെ സെന്‍സറിങ്ങിന് വിടാതെ അവര്‍ എന്നോട് കാണിച്ച അനീതിയാണ്. ആരുടെ പേരു വേണമെങ്കിലും പുറത്തുവരട്ടെ. ദിലിപിന്‍റെ പ്രശ്നത്തില്‍ എന്ത് നീതിയാണ് ആ പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുത്തത്. പുറത്ത് വന്ന് പറഞ്ഞാലും ഒന്ന് സംഭവിക്കില്ല. ഹേമ കമ്മിറ്റി ഉണ്ടായതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ എല്ലാവരും പുറത്തുവന്ന് സംസാരിക്കുന്നത്. എല്ലാ ഭാഷകളിലും ഇത്തരം കമ്മിറ്റികള്‍ വരണം. എനിക്കും നീതി വേണം. ഞാന്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തില്ല പിന്നെ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തത്.