സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ കൂടിവരികയാണ്. ഇപ്പോഴിതാ സംവിധായകന്‍ ഹരിഹരനെതിരെ നടി ചാര്‍മിളയും രംഗത്തെത്തി. നിരവധി താരങ്ങള്‍ ഇത്തരം ആരോപണങ്ങളുമായി എത്തുമ്പോള്‍ എന്തുകൊണ്ടാണ് ഇത്രയും നാള്‍ പറഞ്ഞില്ല എന്ന ചോദ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടെയാണ് ചാര്‍മിള എത്തുന്നത്.

പണ്ട് ഇത്തരത്തിലൊരു കമ്മിറ്റി ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ പരാതിപ്പെട്ടെനെയെന്നും താരം പറയുന്നു.വിഷയത്തെ കുറിച്ച് താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ; സംവിധായകന്‍ ഹരിഹരന്‍ ചേട്ടന്‍ പരിണയം എന്നൊരു ചിത്രമെടുക്കാന്‍ പോവുകയാണ്, എന്നോട് പരിചയപെടണമെന്ന് വിഷ്ണു ചേട്ടന്‍ പറഞ്ഞു. പറഞ്ഞതനുസരിച്ച് ഞാന്‍ സാറിനെ കാണാന്‍ ചെന്നു, പരിചയപ്പെട്ടു, സിനിമയ്ക്കു ഓക്കെയാണെന്ന് പറ‍ഞ്ഞു. തിരിച്ചു പോന്നു. പിന്നീട് വിഷ്ണു ചേട്ടനോടാണ് ചോദിച്ചത് ചാര്‍മിള അഡ്ജസ്റ്റ്മെന്‍റിന് തയാറാകുമോയെന്ന്. ഇല്ലെന്നു അപ്പോള്‍ തന്നെ പറഞ്ഞു.അതുകൊണ്ട് പരിണയം എന്ന സിനിമ നഷ്ടപ്പെട്ടു.

ആരുടെയും പേര് പറയില്ലെന്ന് എന്ന് പറഞ്ഞിട്ട് ഹരിഹരന്‍റെ പേര് മാത്രം എന്തിനാണ് പറഞ്ഞതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ,,,ഞാന്‍ കാരണം വിഷ്ണു ചേട്ടനും ആ സിനിമയിലെ ജോലി നഷ്ടമായി. ഞാന്‍ കാരണം അദ്ദേഹത്തിന്‍റെ അഭിനയിക്കാനുള്ള അവസരം കൂടെ നഷ്ടപ്പെട്ടു. അതുകൊണ്ടാണ് പേരു പുറത്തുപറയാന്‍ ഇടയാക്കിയത്. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പേര് പറയില്ലായിരുന്നുവെന്നും ചാര്‍മിള പറഞ്ഞു. 

വിഷ്ണു ചേട്ടനോട് ചോദിക്കുകയാണ് ഞാന്‍ വരുവോയെന്ന്. ഞാന്‍ വരില്ലെന്നു പറഞ്ഞപ്പോള്‍ വിഷ്ണു ചേട്ടനെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് എന്തിനാണ്?ചെന്നൈയിലെ വീട്ടിലേക്ക് വളരെ മാന്യതയോടെയാണ് വിളിപ്പിച്ചത്. അതേസമയം, ചാര്‍മിള പറഞ്ഞ കാര്യം സത്യമാണെന്നും ഇങ്ങനെ നടന്നിട്ടുണ്ടെന്നും വിഷ്ണുവും വെളിപ്പെടുത്തി. കൂടാതെ, മറ്റ് നിരവധി നടിമാരും അദ്ദേഹത്തി്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പുറത്തുകാണുന്ന ആളല്ല അദ്ദേഹമെന്നും വിഷ്ണുവും പറഞ്ഞു.