ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അന്യഭാഷ സിനിമാ മേഖലയിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. പല താരങ്ങളും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തമിഴിലും സമാനമായ അവസ്ഥകള്‍ ഉണ്ടായിരിക്കാമെന്നും അത്തരം പ്രശ്നങ്ങള്‍ മനസിലാക്കാന്‍ തമിഴ് സിനിമാമേഖലയിലും ഇത്തരത്തിലൊരു സമിതി രൂപീകരിക്കണമെന്നും നടികർ സംഘടന ജനറൽ സെക്രട്ടറി വിശാൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കൂടാതെ, സിനിമാ മേഖലയില്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ ചെരുപ്പ് ഊരി അടിക്കണമെന്നും വിശാല്‍ പറഞ്ഞിരുന്നു. അന്ന് വിശാല്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് താരത്തെ അഭിന്ദിച്ച് എത്തിയത്.
എന്നാല്‍ ഇപ്പോഴിതാ, വിശാലിനെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. എക്സിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. മുന്‍പ് വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി കൂടിയാണ് ശ്രീ റെഡ്ഡി. സ്ത്രീലമ്പടനായ അങ്കിളേ, മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിക്കുമ്പോള്‍ താങ്കളുടെ നാക്ക് അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്നാണ് നടി കുറിച്ചത്.
വിശാല്‍, നിങ്ങള്‍ എക്കാലത്തെയും വഞ്ചകനാണ്, ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡാണ് നിങ്ങള്‍, മാധ്യമങ്ങൾക്ക് മുന്നിൽ ഇത്രയധികം ഉദാഹരണങ്ങൾ പറഞ്ഞിട്ട് നിങ്ങൾ മാന്യനായ ഒരാളാണെന്ന് കരുതരുത്. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ വിട്ടു പോയത് എന്തുകൊണ്ട്??നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ട്?? തുടങ്ങിയ ചോദ്യങ്ങളാണ് ശ്രീ റെഡ്ഡി ചോദിക്കുന്നത്. അടുത്ത തവണ ഈ ചോദ്യത്തിന് ഉത്തരം പറയണെമന്നും കുറിപ്പില്‍ പറയുന്നു.
ശ്രീ റെഡ്ഡി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നതിങ്ങനെ;
‘സ്ത്രീലമ്പടനായ നരച്ച മുടിയുള്ള അങ്കിൾ, ഒരു സ്ത്രീയെക്കുറിച്ച് പറയുമ്പോൾ നിങ്ങളുടെ നാവ് മാധ്യമങ്ങൾക്ക് മുന്നിൾ വളരെ ശ്രദ്ധാലുവായിരിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് പറയുന്ന വൃത്തിക്കെട്ട ഭാഷ, വിറയ്ക്കുന്ന രീതി, നല്ല വ്യക്തികൾക്ക് നിങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതെല്ലാം എല്ലാവർക്കും അറിയാം…
നിങ്ങൾ എക്കാലത്തെയും വഞ്ചകനാണ്… ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ്. മാധ്യമങ്ങൾക്ക് മുന്നിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിങ്ങൾ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ വിട്ടു പോയത് എന്തുകൊണ്ട്??നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ട്??അടുത്ത തവണ ഈ ചോദ്യത്തിന് ഉത്തരം പറയൂ.. ഒരു സംഘടനയിൽ സ്ഥാനമുള്ളത് വലിയ കാര്യമല്ല, കുറച്ചെങ്കിലും മര്യാദയുണ്ടോ…. കർമ്മഫലം നിങ്ങൾക്ക് കിട്ടും. എന്റെ കയ്യിൽ ധാരാളം ചെരുപ്പുകൾ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ.