ആദ്യത്തെ പൊന്നോമനക്കായുള്ള കാത്തിരിപ്പിലാണ് താര ജോഡികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ഇപ്പോഴിതാ ആരാധകരുടെ മനം കവരുന്ന ഗര്‍ഭകാല ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരങ്ങള്‍.
നിറവയറുമായി നില്‍ക്കുന്ന ദീപികയെ ചിത്രങ്ങളില്‍ കാണാം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നാല് ഔട്ട്ഫിറ്റുകളിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. ചില ചിത്രങ്ങളില്‍ ദീപികയ്‌ക്കൊപ്പം രണ്‍വീറിനേയും കാണാം. ദീപികയെ ചേര്‍ത്തു പിടിച്ചും കഴുത്തില്‍ ചുംബിച്ചും ഇരിക്കുന്ന രണ്‍വീറാണ് ചിത്രത്തില്‍.
ഇതിന് മുന്‍പ് താരം പങ്കുവെച്ച മെറ്റേര്‍ണിറ്റി ചിത്രങ്ങളും വൈറലായിരുന്നു. ഇതിനിടെ താരം വാടക ഗര്‍ഭപാത്രം വഴിയായിരിക്കാം അമ്മയാകുന്നത് എന്നുള്‍പ്പെടെയുള്ള ഗോസിപ്പുകളും പരന്നിരുന്നു.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 2018 നവംബര്‍ 14നായിരുന്നു ദീപികയും രണ്‍വീറും വിവാഹിതരായത്. രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കുന്ന കാലത്താണ് ദീപികയും രണ്‍വീറും പ്രണയത്തിലാകുന്നത്. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.