Image: facebook/rimakalingal (Left), Pintrest (right)

Image: facebook/rimakalingal (Left), Pintrest (right)

ഗായിക സുചിത്ര ഉന്നയിച്ച ലഹരി ആരോപണത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് പരാതി നല്കി നടി റിമ കല്ലിങ്കല്‍. മാനനഷ്ടത്തിന് സുചിത്രയ്ക്ക് റിമ വക്കീല്‍ നോട്ടിസും അയച്ചിട്ടുണ്ട്. റിമ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്നും അറസ്റ്റിലായെന്നുമായിരുന്നു സുചിത്രയുടെ ആരോപണം. 

സുചിത്ര പറഞ്ഞത് അടിസ്ഥാനരഹിതമെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ് റിമ കല്ലിങ്കല്‍ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചത്. വർഷങ്ങളായി നിങ്ങള്‍ ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനുമൊപ്പം നിൽക്കുന്നു. ഈ പിന്തുണയും വിശ്വാസവുമാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. എന്നെഴുതിയാണ് റിമ കുറിപ്പ് പങ്കുവച്ചത്.

റിമ ഫെയ്സ്ബുക്കില് പങ്കുവച്ച കുറിപ്പ്...

'വർഷങ്ങളായി നിങ്ങള് ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനുമൊപ്പം നിൽക്കുന്നു. ഈ പിന്തുണയും വിശ്വാസവുമാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. 

തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനകള് മാധ്യമങ്ങൾ വന്നിരുന്നു. 30 മിനിറ്റ് നീണ്ട അഭിമുഖത്തിൽ 2017 ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറയുന്നുണ്ട്. അതുമാത്രമല്ല ഇത്തരമൊരു ആക്രമണം തന്റെ നേരെ ഉണ്ടാകുമെന്നു അതിജീവിതയ്ക്ക് അറിയാമായിരുന്നു എന്നു പറഞ്ഞ് അതിജീവിതയെ അപമാനിക്കുകയും ചെയ്യുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെപ്പോലുള്ള നടന്മാരുടെ കരിയർ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്നും സുചിത്ര ആരോപിക്കുന്നുണ്ട്. ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്തിനാണെന്ന് നമുക്കെല്ലാവർക്കും അറിയാം, അതിന്റെ ഉദ്ദേശ ശുദ്ധിയെ അധിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെവേണം. 

ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന് അവർ ഏതോ ഒരു മാധ്യമത്തിൽ വായിച്ചു എന്ന അടിസ്ഥാനരഹിതമായ പ്രസ്താവന വാർത്തകളില്‍ ഇടംപിടിച്ചു. എന്നാല്‍ അങ്ങിനെയൊരു കാര്യം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞാന് ആഗ്രഹിക്കുന്നു. ഇതിനെതിരെ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകുകയും മാനനഷ്ടത്തിന് നോട്ടിസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്ന, ഞങ്ങൾക്ക് ഇതുവരെ തന്ന പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദി, നമുക്ക് ഒരുമിച്ച് മുന്നേറാം.'

ENGLISH SUMMARY:

Actress Rima Kallingal filed a complaint with the Special Investigation Team on the allegations made by singer Suchitra. Rima has also sent a notice to Suchitra for defamation.