Image Credit: Facebook

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബറോസിന്‍റെ റിലീസ് വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ മൂന്നിനായിരുന്നു ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.  ചിത്രത്തിന്‍റെ വിഎഫ്എക്സ് വര്‍ക്കുകളും ഐ മാക്സ് പതിപ്പും പൂര്‍ത്തിയായിട്ടില്ലാത്തതിനാലാണ് റിലീസ് വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം മലയാള സിനിമ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും ലൈംഗിക ആരോപണങ്ങളിലും കുരുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് റിലീസുകള്‍ വൈകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബറോസ്. പൂര്‍ണമായും ഒരു ഫാന്‍റസി ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ബറോസ്: ഗാർഡിയൻ ഓഫ് ദി' ഗാമാ'സ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിർമാണം.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്‍റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കോവിഡ് അടക്കം പലകാരണങ്ങള്‍ കൊണ്ടും ബറോസിന്‍റെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. 3ഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍  കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവുമാണ് സംഗീതം പകരുന്നത് എന്ന പ്രത്യേകതയും ബറോസിനുണ്ട്. മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. 

ENGLISH SUMMARY:

Barroz release date delayed again