ബോളിവുഡിലേക്ക് ‘ആവേശ’ത്തുടക്കമറിയിക്കാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍. ഇംതിയാസ് അലിയുടെ സംവിധാനത്തിലെത്തുന്ന പ്രണയചിത്രത്തില്‍ ഫഹദ് ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജബ് വി മെറ്റ്, റോക്ക് സ്റ്റാർ, ഹൈവേ, ലൈല മജ്നു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ഫഹദും ഒരുമിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെയും ആഹ്ളാദത്തിലാഴ്ത്തുകയാണ്.

അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമയാണ് മലയാളത്തില്‍ ഫഹദിന്‍റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. കല്യാണി പ്രിയദർശനാണ് നായിക. ‘കരാട്ടെ ചന്ദ്രന്‍റെ’ ചിത്രീകരണവും ഉടന്‍ തുടങ്ങുമെന്നാണ് സൂചന. നവാഗതനായ റോയ് സംവിധാനം നിര്‍വഹിക്കുന്ന, ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. 

ഇതുകൂടാതെ തമിഴില്‍ ടി.ജെ. ജ്ഞാനവേലിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനായ ‘വേട്ടയൻ’ എന്ന സിനിമയിലും ഫഹദ് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒക്ടോബർ പത്തിന് ‘വേട്ടയൻ’ റിലീസാകും. തെലുങ്കില്‍ സുകുമാറിന്‍റെ സംവിധാനത്തില്‍ അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ 2’ ആണ് ഫഹദിന്‍റേതായി റിലീസിനെത്തുന്നത്. ഡിസംബർ ആറിന് ചിത്രം റിലീസാകുമെന്നാണ് വിവരം. ഫഹദ് വില്ലന്‍ വേഷത്തിലെത്തിയ പുഷ്പയുടെ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായിരുന്നു. 

ENGLISH SUMMARY:

Fahadh Faasil and Imtiaz Ali joins together for a new movie. Expected a romantic film from the duo. Fans awiats for a hit from Fahadh in his Bollywood entry.