സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ച് വിവാദങ്ങളില്‍ പ്രതികരണവുമായി ബോളിവുഡ് നടി ആദ ശര്‍മ. കാസ്റ്റിങ് കൗച്ച് അനുഭവങ്ങളെ കുറിച്ചോ, എപ്പോഴെങ്കിലും അനാവശ്യമായ ഇടപടെലുകള്‍ക്കോ ആരെങ്കിലും മുതിര്‍ന്നിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നര്‍മം കലര്‍ത്തി താരം മറുപടി നല്‍കിയത്. താന്‍ നിലത്താണ് സാധാരണയായി ഇരിക്കാറുള്ളത്, ഒരു ഇരിപ്പിടവും തിരഞ്ഞെടുക്കാറില്ലെന്നായിരുന്നു ആദയുടെ മറുപടി.
അനാവശ്യമായ ഇടപെടലുകളുണ്ടാകുമ്പോള്‍ ആക്ഷന്‍ സിനിമയിലേതെന്നപോലെ ഞൊടിയിടയില്‍ പ്രതികരിക്കുകയാണ് വേണ്ടതെന്നും ആദ പറയുന്നു. ഒരാള്‍ ഒരു നീക്കം നടത്തുമ്പോള്‍ നിമിഷാര്‍ധമാകും നിങ്ങള്‍ക്ക് ചിലപ്പോള്‍ പ്രതികരിക്കാന്‍ കിട്ടുന്ന സമയം. ആ സമയത്ത് ചെയ്യേണ്ടത് ചെയ്യണം. മറ്റൊരാളുടെ അഭിപ്രായം ചോദിക്കാന്‍ നില്‍ക്കരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര രംഗത്തെ കരിയര്‍ തുടരുന്നതിന് ഉറച്ച പിന്തുണ ഉണ്ടാക്കിയെടുക്കണമെന്നും പലതരം വെല്ലുവിളികളെ അതിജീവിക്കാന്‍ അത് സഹായിക്കുമെന്നും ആദ വ്യക്തമാക്കി. തനിക്ക് ഉറച്ച പിന്തുണയുണ്ടെന്നും അത് എല്ലാ കാര്യങ്ങളിലും സഹായകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2008 മുതലാരംഭിച്ച കരിയര്‍ അതിസങ്കീര്‍ണമായാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നതെന്നും കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ആദ തുറന്ന് പറയുന്നു. പടികള്‍ കയറുന്ന ലാഘവത്തോടെയാണ് താനിപ്പോള്‍ ഉയര്‍ച്ചകളെയും താഴ്ചകളെയും കാണുന്നതെന്നും അവര്‍ പറഞ്ഞു.