kannada-film-accident

സിനിമ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. സിനിമയില്‍ ലൈറ്റ് ബോയിയായി ജോലി ചെയ്തിരുന്ന മോഹന്‍കുമാ(30)റാണ് മരിച്ചത്. കന്നഡ സിനിമയായ 'മാനഡ കാഡലു'വിന്‍റെ സെറ്റിലായിരുന്നു സംഭവം. സെപ്റ്റംബര്‍ മൂന്നിനാണ് അപകടമുണ്ടായത്. 

ഏണിയില്‍ കയറി നിന്ന മോഹന്‍ നിലതെറ്റി മറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ മോഹനെ ഉടന്‍ തന്നെ ഗോരാഗുണ്ടെപാള്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ചയോടെ മരിക്കുകയായിരുന്നു. സിനിമ ചിത്രീകരണത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാത്തതിനെതിരെ ചിത്രത്തിന്‍റെ സംവിധായകന്‍ യോഗരാജ് ഭട്ടിനും മാനേജരുള്‍പ്പടെ രണ്ടുപേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. 

കര്‍ണാടകയിലെ കൊരട്ടാഗേര സ്വദേശിയാണ് മരിച്ച മോഹന്‍. ജോലി സംബന്ധമായി സഹോദരനൊപ്പം ബെംഗളൂരുവില്‍ താമസിച്ച് വരികയായിരുന്നു. വടക്കന്‍ ബെംഗളൂരുവിലെ വിആര്‍എല്‍ അരേനയില്‍ വച്ചാണ് അപകടമുണ്ടായത്. 

മുംഗാരു മാലെ, ഗാലിപട്ട, ഡ്രാമ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് യോഗരാജ് ഭട്ട്. കേസില്‍ മൂന്നാം പ്രതിയാണ് നിലവില്‍ യോഗരാജ്. മാനേജരാണ് ഒന്നാം പ്രതി. സിനിമാ സംഘത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായ കടുത്ത അനാസ്ഥ തന്നെയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. യാതൊരു വിധത്തിലുള്ള സുരക്ഷാമുന്‍കരുതലുകളും ചിത്രീകരണ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സംഭവത്തില്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

A light boy was tragically killed in an accident during the filming of a Kannada movie. The police have filed a case against Yogiraj for inadequate safety measures on the shooting set.