നിവിന്‍ പോളിക്കെതിരായ പരാതി നല്‍കിയ യുവതിയുടെ മൊഴിയിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നതിന് പിന്നാലെ താരത്തെ അനുകൂലിച്ച് നടിയും അവതാരകയുമായ പാര്‍വതി കൃഷ്ണ. യുവതിയുടെ ആരോപണങ്ങള്‍ വ്യാജമാണെന്നും ആരോപണത്തില്‍ പറയുന്ന ദിവസം 'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന ഷൂട്ടിങ് സെറ്റില്‍ നിവിനൊപ്പം താനുണ്ടായിരുന്നെന്നും പാര്‍വതി പറഞ്ഞു. ആ ദിവസം നിവിന്‍ ഷൂട്ടിങ് സെറ്റിലായിരുന്നെന്ന് വിനീത് ശ്രീനിവാസനും വെളിപ്പെടുത്തിയിരുന്നു.
സോഷ്യല്‍മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. വിഷയത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്‍റെ ഫോണിലെ ഒരു പഴയ വിഡിയോ കാണിച്ചുകൊണ്ടാണ് പാര്‍വതി പോസ്റ്റ് തുടങ്ങുന്നത്. വിഡിയോ എടുത്ത ദിവസവും പാര്‍വതി പറയുന്നുണ്ട്. 2023 ഡിസംബര്‍ 14–ാം തീയതി പാര്‍വതി തന്‍റെ ഫോണില്‍ എടുത്തിരിക്കുന്ന ഒരു സെല്‍ഫി വിഡിയോയാണത്. അന്ന് നിവിന് പോളിയുമായി വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നും. അന്ന് നിവിന്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. നിവിന്‍ ചേട്ടന്‍റെ കൂടെയാണ് ആ ഒരു സീന്‍ ചെയ്തത്. അന്ന് അദ്ദേഹത്തോടൊപ്പം ഞാന്‍ ഉണ്ടായിരുന്നു. സത്യം ഇതായതുകൊണ്ട് ഈ ഒരുകാര്യം പറയണമെന്ന് തോന്നി, അതാണ് പറഞ്ഞത് എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിപ്പിച്ചത്. ഇത്തരമൊരു കാര്യം പുറത്തുപറയാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.