അമിതവേഗത്തില്‍ വന്ന ട്രക്കിനുള്ളില്‍ കുടുങ്ങിയ ബൈക്ക് യാത്രികന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കോട് കൂടിയാണ് ഇയാള്‍ ട്രക്കിനുള്ളില്‍ കുടുങ്ങിയത്. തല പുറത്തേക്കാണ് കിടക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ആഗ്ര ദേശീയപാതയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിനൊപ്പം കുടുങ്ങിക്കിടക്കുന്ന ഇയാള്‍ സഹായത്തിനായി നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
36 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആണ് പ്രചരിക്കുന്നത്. ട്രക്കിന്റെ വേഗം കൂടുന്നതിനിടെയിലും ഇയാള്‍ കൈകൊണ്ടും നിലവിളിച്ചും സഹായം അഭ്യര്‍ത്ഥിക്കുകയാണ്. അതേസമയം ട്രക്കിനുള്ളില്‍ മറ്റൊരാള്‍ കൂടി കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവാക്കള്‍ ആണ് അപകടത്തില്‍പ്പെട്ടത്. ട്രക്കിനെ മറികടന്നതിനു പിന്നാലെയാണ് സംഭവം . പിന്നാലെ വന്ന ബൈക്ക് യാത്രക്കാരാണ് ട്രക്ക് നിര്‍ത്തിച്ച് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവറെ ജനങ്ങള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. മര്‍ദിക്കുകയും ചെരുപ്പഴിച്ച് അടിക്കുകയും ചെയ്തതായി ദേശീയമാധ്യമങ്ങള്‍ പറയുന്നു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു.