mammootty

TOPICS COVERED

മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ. പ്രായം നാണിക്കുന്ന ശരീരവും ശാരീരവുമായി പടച്ചവൻ കനിഞ്ഞു നൽകിയ ജന്മം മലയാളിയുടെ സുകൃതം. പിറന്നാൾ ദിനം മമ്മൂട്ടി ചെന്നൈയിലാണ്.  എന്നാൽ മമ്മൂട്ടി കമ്പനി നിർമിച്ച് ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് പ്രേക്ഷകരിലേക്ക് എത്തും. പി.എ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായപ്പോൾ വളർന്നത് മലയാളത്തിന്റെ മാനം. 71ൽ കെ.എസ്.സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകളിൽ മുഖം കാണിച്ച ചെറുപ്പക്കാരനിൽനിന്ന് സിനിമയിൽ മമ്മൂട്ടി താണ്ടിയ കാലം അരനൂറ്റാണ്ടാണ്.  

 

ആൾക്കൂട്ടത്തിലൊരാളിൽ നിന്ന്  അഭിനയമോഹം ഊതിക്കാച്ചിയൊരുക്കിയ അഭിനയപ്രതിഭ.  സിനിമയുടെ ഗതി നിർണയിക്കുന്ന താര പദവിയിലേക്ക് ഉയർന്നപ്പോഴും കഥാപരിസരങ്ങളിൽ സഞ്ചരിച്ച് കലാമുല്യമുള്ള ചിത്രങ്ങളിലൂടെയായിരുന്നു യാത്ര. വിധേയനും മതിലുകളും പൊന്തൻമാടയുമൊക്കെ ഇന്നും തുടരുന്ന അഭിനയസപര്യയെ രാകി മിനുക്കിയെടുത്ത കഥാപാത്രങ്ങളായി.  മുഖ്യധാര - സമാന്തര സിനിമകളുടെ ഭാഗമായി ഒരുപോലെ സഞ്ചരിച്ച കാലത്തും വലിയ ചുവടുവയ്പ്പുകൾക്ക് നടൻ മടിച്ചുമില്ല.  പറഞ്ഞാൽ തീരാത്ത കഥാപാത്രങ്ങൾക്കിടയിൽ ഓർമയിൽ നിറയുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ചിലത് ഭാഷാചാരുതയുടേതുമാണ്.

നന്നായി നടക്കാനും നല്ല ഭക്ഷണം കഴിക്കാനും നല്ല വസ്ത്രം ധരിക്കാനും ഇന്നും മലയാളിക്ക് പ്രചോദനമായ സ്റ്റൈൽ  ഐക്കൺ. മമ്മൂട്ടി കമ്പനിയിലൂടെ പുതിയ കാലത്ത് പുത്തൻ ചുവടുവയ്പ്പുകളിൽ ഉറച്ച് മുന്നോട്ട് പോകുമ്പോൾ പഴയൊരു മമ്മൂട്ടി ചിത്രത്തിലെ ഡയലോഗ് കടം കൊള്ളാം.