അഭിമുഖത്തിനിടെ അനാവശ്യ ചോദ്യം ചോദിച്ച അവതാരകന്‍ തക്ക മറുപടി കൊടുത്ത് കയ്യടി നേടുകയാണ് നടി മനീഷ കെ.എസ്. 'ആരെങ്കിലും മുട്ടിയപ്പോള്‍ വാതില്‍ തുറന്നോ എന്ന ചോദ്യത്തിന് നിന്‍റെ അമ്മയോ പെങ്ങളോ ആണെങ്കില്‍ നീ ഈ ചോദ്യം ചോദിക്കുമോ എന്ന മുഖത്തടിച്ച മറുപടിയാണ് മനീഷ നല്‍കിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യമായിരുന്നു അവതാരകന്‍റേത്. 

'പല പ്രോഗ്രാമിലും പങ്കെടുത്ത് നല്ല ബന്ധങ്ങൾ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാൻ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ, ആരെങ്കിലും മുട്ടിയപ്പോൾ ചേച്ചിയുടെ നിലനിൽപ്പിനും ചേച്ചിയുടെ അവസരത്തിനും വേണ്ടി മുട്ടിയ വാതിൽ തുറന്ന് കൊടുത്തിട്ടുണ്ടോ?' എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്.

ഇതിന് മനീഷ നല്‍കിയ മറുപടി ഇങ്ങനെ; 'എന്ത് ഊള ചോദ്യങ്ങളാടോ താന്‍ ചോദിക്കുന്നത്, മുട്ടുമ്പോൾ തുറക്കുന്നത് ആണോ എക്സ്പീരിയൻസ്? ഈ ഇന്റർവ്യൂ എന്ന് പറഞ്ഞു ഇവിടെ മാധ്യമങ്ങൾ കൊണ്ട് ഇരുത്തുമ്പോൾ എല്ലാവരെയും ഞാൻ പറയുന്നില്ല. പ്രത്യേകിച്ച് നിനക്ക് കുറച്ച് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതൽ ആണ്. അത് വൈറൽ ആവാൻ ആണോ എന്നറിയില്ല, പക്ഷേ എന്നെപോലെയുള്ള ഒരു ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ല.

വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ ഇങ്ങനെ, അല്ലെങ്കിൽ പെങ്ങളോട് ചോദിക്കുമോ. നിങ്ങളുടെ വീട്ടുകാർ സിനിമയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരും സ്ത്രീകളല്ലെ. അമ്മയും പെങ്ങളും എന്നു പറഞ്ഞപ്പോൾ നിനക്ക് കൊണ്ടു. അവരാരും സിനിമയിൽ ഇല്ല എന്നൊരു മറ നീ വച്ചു. നിങ്ങൾ ആളും തരവും നോക്കി ചോദ്യങ്ങൾ ചോദിക്കൂ. ഇങ്ങനെയൊരു ചോദ്യത്തിന്റെ പ്രസക്തി തന്നെ എന്താണ്. അവസരത്തിനു വേണ്ടി തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാന്‍ തോന്നി. നിന്നെപ്പോലുള്ള ഒരാളുടെ അടുത്ത് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതപോലും പ്രത്യേകിച്ച് എനിക്കില്ല.

എനിക്കു പരിചയമുള്ള ആളുകൾപോലും ഇത്തരം ചോദ്യങ്ങൾ എന്റെ നേരെ ചോദിച്ചാൽ ചെപ്പക്കുറ്റി അടിച്ച് പൊളിക്കും. എന്നെ അറിയാവുന്ന ആളല്ലേ നീ. ഞങ്ങളൊക്കെ സിനിമയിൽ പോകുന്നതിന്റെ അർഥം, എല്ലാവർക്കും മുട്ടിയാൽ തുറക്കപ്പെടും എന്നാണോ. സിനിമയിൽ മാത്രമല്ല ഇതു നടക്കുന്നത്. കുടുംബത്തിലും നടക്കുന്നില്ലേ'

ഈ ചോദ്യവും മറുപടിയും ഞൊടിയിടയില്‍ വൈറലായതാണ് പിന്നീട് കണ്ടത്. നടിയെ പ്രശംസിച്ചു കൊണ്ടുള്ള കമന്‍റുകളാണ് ഏറെയും. അവതാരകന്‍ സ്ഥിരമായി സിനിമ താരങ്ങളോടും മറ്റും അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് വൈറലാകാന്‍ ശ്രമിക്കുന്നയാളാണ്, മനീഷ എന്തായാലും കൃത്യമായ മറുപടി തന്നെ നല്‍കിയെന്നാണ് കൂടുതല്‍ പേരും പ്രതികരിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Actor Maneesha K.S reply to youtube channel anchor goes viral on social media. Anchor asked a question in connection with Hema Commission Reort. The question itself annoyed the actor and she gave an absolute reply for that.