asif-sheelu

TOPICS COVERED

കഴിഞ്ഞ ദിവസമാണ് യുവതാരങ്ങളായ ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ശീലു ഏബ്രഹാം രംഗത്തുവന്നത്. ആസിഫും ടൊവിനോയും ആന്റണിയും തങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകള്‍ മാത്രം ഒന്നിച്ചെത്തി പ്രമോട്ട് ചെയ്തപ്പോൾ ചില സിനിമകളെ ഇവർ മനഃപൂർവം തഴഞ്ഞുവെന്നായിരുന്നു ശീലുവിന്റെ ആരോപണം. സിനിമയിലെ ‘പവർ ഗ്രൂപ്പു’കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ ഈ പ്രവൃത്തിയെന്നും ശീലു പറയുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ആസിഫ് അലി. പേര് പറഞ്ഞില്ല എന്നതുകൊണ്ട് ഒരു സിനിമയ്ക്കും മോശം സംഭവിക്കില്ലെന്നും വിട്ടുപോയതിൽ വിഷമമുണ്ടെന്നും ആസിഫ് പറയുന്നു. 

ആസിഫിന്‍റെ വാക്കുകള്‍

‘ഞങ്ങൾ മൂന്നുപേരും ഏകദേശം ഒരേ പ്രായത്തിലുള്ള ആളുകളാണ്. മലയാള സിനിമയ്ക്ക് വളരെ ഗംഭീരമായ തുടക്കം കിട്ടിയ വർഷമാണിത്. ഒരുപാട് നല്ല സിനിമകൾവന്നു, തിയറ്ററുകൾ സജീവമായി. അങ്ങനെ നിൽക്കുന്ന അവസരത്തിൽ നമ്മളാരും പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടാകുന്നു. അതിന്റെയൊരു നെഗറ്റിവിറ്റി സിനിമയിൽ മൊത്തം വരുന്നു. തിയറ്ററുകളെ അത് ബാധിച്ചോ ഇല്ലയോ എന്നത് നമുക്കറിയില്ല. പക്ഷേ ഈയൊരു ഓണസീസൺ എന്നു പറയുന്നത്, എല്ലാ ബിസിനസ്സുകളും പോലെ സിനിമയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഈ അവധിക്കാലത്ത് കുടുംബത്തിന് എല്ലാ രീതിയിലുള്ള സിനിമകൾ കാണാനും ഇത്തവണ അവസരമുണ്ട്. ആ ഒരു സീസൺ സജീവമാകമണെന്ന ഉദ്ദേശ്യം മാത്രമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ഞങ്ങൾ മൂന്ന് പേരും സിനിമയുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ നിൽക്കുന്ന സമയത്താണ് െപട്ടന്നൊരു ചിന്ത വരുന്നത് . ബാക്കിയുള്ള സിനിമകളുടെ പേര് പറയാതിരുന്നത് ഒരു തെറ്റാണ്. ആ തെറ്റും ഞങ്ങൾക്ക് മനസ്സിലായി. പക്ഷേ അതിന്റെ പിന്നിലുണ്ടായിരുന്ന ആഗ്രഹം ഭയങ്കര പോസിറ്റിവ് ആയിരുന്നു. ഞങ്ങളുടെ ആവേശം പ്രേക്ഷകരിലേക്കും പകരുക എന്ന ആഗ്രഹത്തോടെയാണ് ആ വിഡിയോ ചെയ്തത്. ഇതൊക്കെയെ ചിന്തിച്ചുള്ളൂ.ആളുകളുടെ തീരുമാനമാണ് സിനിമ കാണുക എന്നത്. നമുക്ക് മാർക്കറ്റ് ചെയ്യാനേ പറ്റൂ. പേര് പറഞ്ഞില്ല എന്നതുകൊണ്ട് ഒരു സിനിമയ്ക്കും മോശം സംഭവിക്കില്ല. പക്ഷേ ഞങ്ങളത് വിട്ടുപോയതിൽ വിഷമമുണ്ട് ആസിഫ് അലി പറയുന്നു.