sravanabhavan-murder

ഭര്‍ത്താവിനെ വധിച്ച പാണ്ഡ്യരാജാവിനോടുള്ള പ്രതികാരമായി മധുരാനഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയാണ് തമിഴ് ഇതിഹാസം ചിലപ്പതികാരം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 'ശരവണഭവന്‍’ എന്ന ഹോട്ടല്‍ സാമ്രാജ്യത്തിന്‍റെ അധിപന്‍ രാജഗോപാലിനെ അഴിക്കുള്ളിലാക്കിയ ജീവജ്യോതിയുടെ  ജീവിതകഥയെ അഭിനവചിലപ്പതികാരമെന്ന് തന്നെ വിശേഷിപ്പിക്കാം.  പെണ്‍കരുത്തില്‍ ചാമ്പലായ ‘ദോശരാജാ’വിന്‍റെ കഥ സിനിയാവുകയാണ്. സംവിധായകരായ ടി.ജെ. ജ്ഞാനവേലും ഹേമന്ത് റാവുവും ഒന്നിക്കുന്ന ചിത്രം ദോശ കിങ്.

 

ബ്രാഹ്മണർ വാണിരുന്ന സസ്യാഹാര വിപണന മേഖലയിൽ പി. രാജഗോപാൽ നടത്തിയ ഒറ്റയാള്‍ മുന്നേറ്റം സമാനതകളില്ലാത്തതാണ്. ചെറിയൊരു ചായക്കടയില്‍ തുടങ്ങി രാജ്യാന്തരതലത്തിലേക്ക് വളര്‍ന്നു പന്തലിച്ച ഭക്ഷണ ശൃംഖല. വളര്‍ച്ചയുടെ പാതയില്‍  ‘ദോശ രാജാവ്’ എന്ന പേരും അയാള്‍ക്ക് ചാര്‍ത്തി കിട്ടി. തിരിഞ്ഞുനോട്ടമില്ലാത്തൊരു കുതിപ്പ്. മുന്നില്‍ കണ്ടതും ആഗ്രഹിച്ചതും എല്ലാം അയാള്‍ വെട്ടിപ്പിടിച്ചു. പക്ഷേ ആ അശ്വമേഥത്തിന് കടിഞ്ഞാണ്‍ വീണത് ജീവജ്യോതിയെന്ന ഒരു സാധാരണപെണ്ണിനു മുമ്പിലാണ്. വെട്ടിപ്പിടിച്ചതെല്ലാം അതോടെ അറിയറവു വയ്ക്കേണ്ടിവന്നു രാജഗോപാലിന്.

1981–ൽ കെ.കെ നഗറിൽ പലചരക്കുകട നടത്തിയിരുന്ന രാജഗോപാലിനോട് അഗ്നിയാണ് നിന്‍റെ കളം എന്ന് ഉപദേശിച്ചത് ഒരു ജ്യോതിഷിയായിരുന്നു. അത് ശരിയാകാം എന്ന തോന്നലില്‍ ‘കാമാച്ചി ഭവൻ’ എന്ന ഭക്ഷണശാല തുടങ്ങി. എന്നാല്‍ അത് പാളി. പിന്നീട് ശരവണ ഭവൻ എന്നു പുനർനാമകരണം ചെയ്തു, അതും ജ്യോതിഷിയുടെ ഉപദേശപ്രകാരം തന്നെ. പിന്നെ തൊട്ടതെല്ലാം പൊന്നായി. ഇന്ത്യയിൽ മാത്രം 25 ഹോട്ടലുകൾ, രാജ്യത്തിനു പുറത്തും വ്യവസായ സ്ഥാപനങ്ങൾ. എല്ലാം ജ്യോതിഷിയുടെ വഴികാട്ടലിന്‍റെ മഹത്വമെന്ന് രാജഗോപാൽ കരുതി, അന്ധമായി വിശ്വസിച്ചു. മടിപ്പാക്കം സ്വദേശി രവിയെന്ന ജ്യോതിഷിയായിരുന്നു രാജഗോപാലിന്‍റെ ഈ മാർഗദർശി. 

1972ല്‍ വള്ളി എന്ന സ്ത്രീയെ രാജഗോപാല്‍ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കള്‍. പിന്നീട് 1994ല്‍ തന്‍റെ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു കൃതിക എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഈ രണ്ട് ബന്ധങ്ങളിലും തൃപ്തി വരാതെയാണ് 52-ാം വയസ്സില്‍ മൂന്നാം വിവാഹത്തിനൊരുങ്ങിയത്. മൂന്നാം വിവാഹം സര്‍വ ഐശ്വര്യം കൊണ്ടുവരുമെന്ന് ജോതിഷിയുടെ വാക്കുകള്‍ ആത്മവിശ്വാസമായി. 1999–ൽ സ്കൂൾ വിദ്യാർഥിയായിരിക്കെയാണു ജീവജ്യോതിയില്‍ രാജഗോപാലിന് താല്‍പര്യമുണര്‍ന്നത്. എന്തു വില കൊടുത്തും അവളെ സ്വന്തമാക്കണമെന്ന്  അയാള്‍ ആഗ്രഹിച്ചു.

ശരവണ ഭവനിൽ അസിസ്റ്റന്‍റ് മാനേജരായിരുന്ന രാമസ്വാമിയുടെ  മകളായിരുന്നു ജീവജ്യോതി. സഹോദരനെ കണക്ക് പഠിപ്പിച്ചിരുന്ന പ്രിൻസ് ശാന്തകുമാറുമായി ജീവജ്യോതി പ്രണയത്തിലുമായിരുന്നു. എന്നാല്‍ പ്രിൻസിനെ വിവാഹം കഴിക്കുന്നതില്‍ ജീവജ്യോതിയുടെ വീട്ടുകാർക്ക് തെല്ലും താല്‍പര്യമുണ്ടായിരുന്നില്ല. എതിര്‍പ്പുകള്‍ അവഗണിച്ച് ഇരുവരും വിവാഹിതരായി.

വലിയ സാമ്പത്തിക ചുറ്റുപ്പാടുളള കുടുംബമായിരുന്നില്ല പ്രിൻസിന്‍റേത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ഇരുവരും ജീവജ്യോതിയുടെ അമ്മാവനേയും രാജഗോപാലിനേയും പണത്തിനായി സമീപിച്ചു. ട്രാവൽ ഏജൻസി തുടങ്ങണം, നന്നായി ജീവിക്കണം എന്നതായിരുന്നു ലക്ഷ്യം. രാജഗോപാലാകട്ടെ ഈ അവസരം ഉപയോഗിച്ചു. ജീവജ്യോതിയെ എങ്ങിനെയും വശത്താക്കുക എന്ന ലക്ഷ്യത്തില്‍ പണം വാഗ്ദാനം നല്‍കി. ഒപ്പം പ്രിൻസിനെ ഉപേക്ഷിച്ചു തിരിച്ചെത്തിയാൽ രാജകുമാരിയെ പോലെ വാഴിക്കാമെന്ന വാക്കും. എന്നാൽ ഈ പ്രലോഭനത്തിൽ ജീവജ്യോതി വീണില്ല.

പ്രിൻസിനെ ജീവജ്യോതി മറക്കാനായി ലക്ഷങ്ങൾ മുടക്കി രാജഗോപാൽ ആഭിചാര ക്രിയകൾ വരെ ചെയ്തു. ജീവജ്യോതിയെ ഉപേക്ഷിക്കാൻ പ്രിന്‍സിനോടും ഇയാള്‍ പലവട്ടം ആവശ്യപ്പെട്ടു. അതിന് തയ്യാറായില്ലെങ്കില്‍ ജീവജ്യോതിയെ കൊല്ലുമെന്ന് സ്വന്തം  ആളുകളെ അയച്ച് ഭീഷണിപ്പെടുത്തി. ഭീഷണിയും വിലപേശലും സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ജീവജ്യോതിയുമായി പ്രിന്‍സ് തിരുച്ചന്തൂരിലേക്ക്  ഒളിച്ചോടി. വിവരം നിമിഷങ്ങള്‍ക്കകം രാജഗോപാൽ അറിഞ്ഞു. പ്രിൻസിനെ ഗുണ്ടകളെ അയച്ച് തട്ടിക്കൊണ്ടുപോയി, തല്ലിച്ചതച്ചു. ഒപ്പം പ്രിൻസിന് എയ്‍ഡ്‌സ് ഉണ്ടെന്ന് പ്രചരിപ്പിക്കാനും രാജഗോപാൽ ശ്രമിച്ചു.

തന്‍റെ രണ്ടാം ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു വിവാഹം കഴിക്കുന്നത് രാജ്ഞിയെപ്പോലെയാണ് അവര്‍ ജീവിക്കുന്നതെന്നും രാജഗോപാല്‍ ജീവജ്യോതിയോട് പറഞ്ഞു. നിങ്ങളുടെ ഭാര്യയെ ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്ന് പ്രിന്‍സിനോടും. തന്‍റെ കയ്യില്‍ നിന്ന് പണം വാങ്ങി ജീവജ്യോതിയുമായുളള ബന്ധത്തിൽ നിന്ന് പ്രിൻസ് പിൻമാറിയതായി രാജഗോപാൽ അവരെ ധരിപ്പിച്ചു. എന്നാല്‍ ഇതൊന്നും വിശ്വസിക്കാന്‍ ജീവജ്യോതി തയ്യാറായില്ല.

എല്ലാത്തിനുമൊടുവില്‍ വിധവാ പൂജ നടത്താന്‍ രാജഗോപാലും ജ്യോതിഷിയും പദ്ധതിയിട്ടതോടെ ഇവര്‍ നടത്തിയ ക്രൂരതകളും കള്ളത്തരങ്ങളും ജീവജ്യോതിയുടെ മുന്നില്‍ കെട്ടഴിഞ്ഞു വീണു. പ്രിന്‍സിനെ രാജഗോപാല്‍ കൊലപ്പെടുത്തിയതായി എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. ഒടുവില്‍ കൊടൈക്കനാലില്‍ വനത്തില്‍ നിന്ന് പ്രിന്‍സിന്‍റെ മൃതദേഹം കണ്ടെത്തി. 2001ലായിരുന്നു ഇത്. അന്വേഷണത്തില്‍  പ്രിന്‍സിന്‍റെ  മരണം കൊലപാതകമാണെന്നു തെളിഞ്ഞു. 

ഡാനിയേല്‍, കര്‍മഗം, സക്കീര്‍ ഹുസൈന്‍, കാശി വിശ്വനാഥന്‍, പാട്ട് രാജന്‍ തുടങ്ങി എട്ട് വാടകക്കൊലയാളികളെയാണ് പ്രിന്‍സിനെ കൊലപ്പെടുത്താന്‍ രാജഗോപാല്‍ അയച്ചത്. കൊലക്കേസില്‍ നിന്ന് തലയൂരാന്‍ രാജഗോപാല്‍ കോടികൾ വാരിയെറിഞ്ഞു. ജീവജ്യോതിക്കു മുന്നിലും ലക്ഷങ്ങള്‍ ഓഫര്‍ വച്ചു. ഭീഷണികളും പീഡനവും വേറെ. എന്നാല്‍ അവള്‍ പിന്‍മാറാതെ പൊരുതി നിന്നു. അയാള്‍ തടവറ കയറും വരെ. 

18 വര്‍ഷമാണ് ജീവജ്യോതി നിയമയുദ്ധവുമായി രാജഗോപാലിനെ ചെറുത്തുനിന്നത്. ഇതിനിടെ അവള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതത്തിന് കയ്യും കണക്കുമില്ല. പ്രിൻസിന്‍റെ  സഹോദരന്‍ പോലും രാജഗോപാലിന്‍റെ സ്വാധീനത്തിന് മുന്നില്‍ മുട്ടുമടക്കി. കേസില്‍ കൂറുമാറി. എന്നാല്‍ ‘പെണ്ണൊരുമ്പെട്ടാല്‍’ എന്ന ചൊല്ല് അന്വര്‍ഥമാക്കി ജീവജ്യോതി ചെറുത്തുനിന്നു. ഒടുക്കം പണവും സ്വാധീനവും മുട്ടുമടക്കി. മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചതോടെ രാജഗോപാല്‍ അഴിക്കുള്ളിലായി. ഇനിയും മുന്നോട്ടുപോക്കില്ലെന്ന് മനസ്സിലാക്കി അയാള്‍ കീഴടങ്ങുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങിയശേഷം ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേ മരണപ്പെട്ടു. തന്‍റെ 71-ാം വയസ്സില്‍. 

ENGLISH SUMMARY:

Saravana Bhavan crime case is being adapted into a film titled 'Dosa King', directed by T.J. Gnanavel and Hemanth Rao. At the same time the crime and downfall of P. Rajagopal, the owner or Saravana Bhavan is trending.