അവാര്‍ഡുകള്‍ക്കെതിരെ വിമര്‍ശനവുമായി ഗാനരചയിതാവ് വിനായക് ശശികുമാര്‍. കരയിപ്പിച്ച പാട്ടുകള്‍ക്കാണ് എല്ലായ്പ്പോഴും അവാര്‍ഡ് കൊടുക്കുന്നതെന്നും സന്തോഷിപ്പിക്കുന്ന പാട്ടുകളെ അവാര്‍ഡില്‍ വിസ്മരിക്കുകയാണെന്നും വിനായക് പറഞ്ഞു. കാലത്തിനനുസരിച്ച് അത് മാറുമെന്നും വിനായക് കൂട്ടിച്ചേര്‍ത്തു. മറ്റൊരു ഗാനരചയിതാവായ സുഹൈല്‍ കോയക്കൊപ്പം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായക്.
'ഏറ്റവും നല്ല സിനിമ പറയാന്‍ പറഞ്ഞാല്‍ കരയിപ്പിച്ച സിനിമകളേ നാം ആദ്യം പറയൂ. അവാര്‍ഡ് കൊടുക്കുന്നത് തന്നെ ഉള്ളുലയ്ക്കുന്ന സിനിമകള്‍ക്കാണ്, ഉള്ള് നിറപ്പിച്ച സിനിമകളേയും ചിരിപ്പിച്ച സിനിമകളേയും വിസ്മരിക്കാറാണ് പതിവ്. അതൊരു ബേസിക് ട്രെയ്റ്റാണ്. കരയിപ്പിച്ചതിനെ മാത്രമേ ഓര്‍ക്കൂ. സന്തോഷിക്കാത്ത ആളുകളാണ് ഇവിടെ കൂടുതല്‍. ഹാപ്പിനസ് ഇന്‍ഡക്സ് എടുത്ത് ഇന്ത്യയുടെ സ്ഥാനം എവിടെയാണെന്ന് നോക്കിയാല്‍ മതി. ഹാപ്പിനെസ് ആണ് ഇവിടെ ഇല്ലാത്തത്. ഹാപ്പിനസ് കൊടുക്കുന്നതിനെയാണ് നാം കൂടുതല്‍ സ്നേഹിക്കേണ്ടത്. പാട്ട് ആളുകളെ ഹാപ്പി ആക്കുന്ന കാര്യമാണ്.
സന്തോഷത്തിനും ആഘോഷത്തിനും പാട്ടാണ് ഉപയോഗിക്കുന്നത്. ആഘോഷത്തിനുള്ള പാട്ട് തരുന്നവരെ മറന്നിട്ട് അവാര്‍ഡ് തരുമ്പോള്‍ കരയിപ്പിച്ച ആള്‍ക്ക് അവാര്‍ഡ് കൊടുക്കുന്നതാണ് പതിവ്. അത് മാറണം. കാലത്തിനനുസരിച്ച് അത് മാറും. നാളെ ജൂറിയില്‍ ഒരു സുഹൈല്‍ കോയ വന്നിരുന്നാല്‍ അത് മാറും. അവാര്‍ഡുകളൊക്കെ അങ്ങനെ മാറി തുടങ്ങി. നസ്രിയക്കും നിവിനും ദുല്‍ഖറിനുമൊക്കെ അവാര്‍ഡ് കൊടുത്തപ്പോള്‍ ഒരു പുതിയ ചിന്തയാണ് അവിടെ വന്നത്. ഗനരചയിതാവിന്റെ അവാര്‍ഡിനും അത് ഉണ്ടാവണം എന്നാണ് ആഗ്രഹിക്കുന്നത്,’– വിനായക് പറഞ്ഞു.
അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമ ന്യൂസ് വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും കാണാം