നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായതായി. സമൂഹമാധ്യമത്തില്‍ വിവാഹചിത്രങ്ങള്‍ പങ്കുവച്ചാണ് താരങ്ങള്‍ വിവാരവിവരം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ‘നീയാണെന്‍റെ എല്ലാം’ എന്ന കുറിപ്പിനൊപ്പമാണ് അദിതി റാവു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

നേരത്തെ തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി എന്നൊരു അഭ്യൂഹമുണ്ടായിരുന്നു. തെക്കേ ഇന്ത്യന്‍ രീതിയിലുള്ള വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആരാധകരുടെ ആശംസാപ്രവാഹമാണ്. ഏറെക്കാലമായി ഇരുവരും ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു. 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. 2003ൽ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ തന്നെ സിദ്ധാർഥ് വിവാഹിതനായിരുന്നു. ഡൽഹിയിൽ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്‌നയായിരുന്നു വധു. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഏകദേശം രണ്ടു വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരി‍ഞ്ഞു. 

ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് താരം. തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. 

ഇത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി എന്ന വാര്‍ത്ത ആദ്യം പ്രചരിച്ചത്. എന്നാല്‍ ആ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.

ENGLISH SUMMARY:

Actors Siddharth and Aditi Rao Hydari got married. Pics of their beautiful South Indian wedding ceremony goes viral on social media.