ഓണക്കാലത്ത് തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ടൊവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണം. ടൊവിനോ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച പിരിയോഡിക്കല്‍ ഡ്രാമ ആഘോഷിക്കുകയാണ് പ്രേക്ഷകര്‍. നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രത്തിനായി ടൊവിനോ കളരി പയറ്റും കുതിയ സവാരിയും പഠിച്ചിരുന്നു. എആര്‍എമ്മിന്‍റെ ഷൂട്ടിനിടക്ക് പകര്‍ത്തിയ 'ഒരു ആക്ഷന്‍ രംഗത്തിന്‍റെ' ബിടിഎസ് വിഡിയോ താരം പങ്കുവച്ചിരിക്കുകയാണ്. മകനായ തഹാനൊപ്പമാണ് ടൊവിനോ ചുള്ളിക്കമ്പ് കൊണ്ട് പയറ്റ് നടത്തിയത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് ചെയ്ത ലൊക്കേഷനില്‍ നിന്നുമാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നത്. വിഡിയോക്ക് രസകരമായ കമന്‍റുമായി ആരാധകരും ഒത്തുകൂടി. 'ഇത്രേം റിസ്ക് ഒകെ എടുക്കുമ്പോൾ നിങ്ങൾക്ക് ഡ്യൂപ്പിനെ വെച്ചൂടെ', 'അച്ഛനാണെന്നൊന്നും നോക്കുല പൂളി കളയും', 'അജയന്റെ രണ്ടാം രോദനം,' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 'കുഞ്ഞിക്കേളു ജൂനിയര്‍' എന്നാണ് സംവിധായകന്‍ ജിതിന്‍ ലാല്‍ വിഡിയോക്ക് കമന്‍റ് ചെയ്തത്.
അതേസമയം കളക്ഷനിലും വന്‍ കുതിപ്പാണ് എആര്‍എം. ടൊവിനോയുടെ 50ാംമത് ചിത്രം കൂടിയായ എആര്‍എം 50 കോടിയാണ് ഇതിനോടകം തന്നെ നേടിയിരിക്കുന്നത്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിങ്ങനെ മൂന്ന് നായികമാരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.