'അയ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടു' എന്ന മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷര്‍ക്ക് പ്രശസ്തനായ ബോളിവുഡ്  നടൻ പർവിൻ ദബാസിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്‌പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ താരത്തെ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. 

പഞ്ചഗുസ്തി ലീഗായ പ്രോ പഞ്ച് ലീഗിന്‍റെ സഹസ്ഥാപകൻ കൂടിയായ  പർവിൻ ദബാസിന്‍റെ അപകടത്തെ കുറിച്ച് പ്രോ പഞ്ച ലീഗിന്‍റെ പ്രതിനിധികളും മാധ്യമങ്ങളോട് വിവരങ്ങള്‍ പങ്കുവച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ താരത്തിന് ഗുരുതര പരുക്കുണ്ടെന്നും ആശുപത്രിയില്‍ ഐസി‌യുവിലാണെന്നും ലീഗ് പ്രതിനിധികള്‍ അറിയിച്ചിരുന്നു. 

ലീഗ് പ്രതിനിധികള്‍ ഇറക്കിയ കുറിപ്പില്‍ പറയുന്നതിങ്ങനെ,  വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്, ഞങ്ങള്‍ പര്‍വിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനുമൊപ്പമാണ്. പ്രോ പഞ്ച ലീഗ് മാനേജ്‌മെന്‍റ്  അദ്ദേഹത്തിന്‍റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയും കൃത്യമായി താരത്തിന്‍റെ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കും. താരത്തിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത എല്ലാവരും മനസിലാക്കി പെരുമാറണം. പര്‍വിന് എത്രയും വേഗം സുഖം പ്രാപിക്കാന്‍ ഞങ്ങള്‍ അഗ്രഹിക്കുന്നു.

'അയ്യപ്പന്‍റമ്മ നെയ്യപ്പം ചുട്ടു' എന്ന മലയാള സിനിമയില്‍ അച്ഛന്‍റെ വേഷമാണ് പർവിൻ ദബാസ് കൈകാര്യം ചെയ്തിരിക്കുന്നത്. 

ഖോസ്‌ല കാ ഘോസ്‌ല എന്ന സിനിമയിലെ അഭിനയത്തിലൂടെ പ്രശസ്തനായി.മൺസൂൺ വെഡ്ഡിംഗ്, മൈനെ ഗാന്ധി കോ നഹിൻ മാര, മൈ നെയിം ഈസ് ഖാൻ, രാഗിണി എംഎംഎസ് 2, ദി പെർഫെക്റ്റ് ഹസ്ബൻഡ്, ദ വേൾഡ് അൺസീൻ എന്നിവയാണ് പർവിൻ ദബാസിന്‍റെ പ്രധാന സിനിമകള്‍. കഴിഞ്ഞ വർഷങ്ങളിൽ ആമസോണ്‍ പ്രൈമിലെ മേഡ് ഇൻ ഹെവൻ സീസൺ 2 സീരിസിലും, താഹിറ കശ്യപിന്‍റെ ശർമ്മജീ കി ബേട്ടി എന്ന വെബ് സീരീസിലും പർവിൻ ദബാസ് അഭിനയിച്ചിരുന്നു.