kaviyoor-ponnamma-cinema-life

അറുപത്തിയഞ്ച് വര്‍ഷം നീണ്ട അഭിനയജീവിതത്തില്‍ ഏറെയും അമ്മ വേഷങ്ങളായിരുന്നു കവിയൂര്‍ പൊന്നമ്മയെ തേടിയെത്തിയത്. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാനം പുരസ്കാരം നേടിയപ്പോഴും കവിയൂര്‍ പൊന്നമ്മയെ അമ്മ വേഷങ്ങള്‍ വിട്ടൊഴിഞ്ഞില്ല. ആ വേഷങ്ങളെ കുറിച്ച് പരാതിയില്ലാെത തന്നിലേക്ക് വന്ന കഥാപാത്രങ്ങളൊക്കെയും ഭംഗിയാക്കിയാണ് കവിയൂര്‍ പൊന്നമ്മ അരങ്ങൊഴിയുന്നത്.

നെറ്റിയിലെ വലിയ വട്ടപൊട്ടും സദാ ചിരിച്ച മുഖവും. 2023ലെ ഓണക്കാലത്ത് അവസാനമായി മനോരമ ന്യൂസ് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ ആ വട്ടപൊട്ടിന്റെ ചരിത്രംപോലും മറന്നിരുന്നു കവിയൂര്‍ പൊന്നമ്മ. പതിനൊന്നാമത്തെ വയസില്‍ കവിയൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍ മുറ്റത്ത് ശാസ്ത്രീയസംഗീതത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ എം.എസ്.സുബ്ബലക്ഷ്മിയും അവരുടെ വട്ടപ്പൊട്ടുമായിരുന്നു മനസിലെന്ന് പലവട്ടം പൊന്നമ്മ തന്നെ പറ‍ഞ്ഞിട്ടുള്ളത് ഓര്‍മിപ്പിച്ചപ്പോള്‍ മുഖമുയര്‍ത്തി വീണ്ടും ചിരിച്ചു.

പതിനൊന്നുകാരിയുടെ അരങ്ങേറ്റത്തില്‍നിന്നാണ് പൊന്നമ്മ കവിയൂര്‍ പൊന്നമ്മയായതെങ്കിലും ജന്മദേശമായ കവിയൂരില്‍ പൊന്നമ്മ ആകെ താമസിച്ചത് മൂന്ന് വര്‍ഷമാണ്. പതിനാലാം വയസില്‍ തോപ്പില്‍ഭാസിയുടെ മൂലധനത്തില്‍ പാടാനെത്തിയ കവിയൂര്‍ പൊന്നമ്മ നടിയായി നാടകത്തില്‍ സജീവമായി. ശ്രീരാമപട്ടാഭിഷേകമായിരുന്നു ആദ്യ സിനിമ. ആദ്യ ഹീറോ കൊട്ടാരക്കര ശ്രീധരന്‍ നായരും. 

 

തിക്കുറിശിക്കൊപ്പമുള്ള കുടുംബിനി റിലീസായതിന് പിന്നാലെ 65ല്‍ തൊമ്മന്റെ മക്കള്‍ എന്ന ചിത്രത്തില്‍ സത്യന്റെയും മധുവിന്റെയും  അമ്മയായി അഭിനയിക്കുമ്പോള്‍ പൊന്നമ്മയ്ക്ക് പ്രായം ഇരുപത്.  അതേവര്‍ഷം തന്നെ ഓടയില്‍നിന്ന് എന്ന ചിത്രത്തില്‍ സത്യന്റെ നായികയായി. അറുപത്തിയഞ്ചില്‍ തന്നെ പുറത്തിറങ്ങിയ റോസിയിലും കവിയൂര്‍ പൊന്നമ്മ നായികയായി. ആ ചിത്രത്തിന്റെ നിര്‍മാതാവായ മണിസ്വാമിെയ പൊന്നമ്മ വിവാഹം ചെയ്തുവെങ്കിലും പില്‍ക്കാലത്ത് വേര്‍പിരിഞ്ഞു.

അമ്മ വേഷങ്ങള്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പംകൂടിയ വര്‍ഷങ്ങളായിരുന്നു പിന്നീട് . ആ വേഷങ്ങള്‍ വിട്ടുപോയതുമില്ല. വിട്ടകലാന്‍ പൊന്നമ്മയൊട്ട് കൂട്ടാക്കിയതുമില്ല. അമ്മ വേഷങ്ങള്‍ തനിക്ക് കൊണ്ടുവന്ന സ്നേഹം നഷ്ട്ടപ്പെടാന്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്ന് പൊന്നമ്മ തന്നെ പില്‍ക്കാലത്ത് തുറന്നുപറഞ്ഞു. കാലം മാറി കഥ മാറി. സിനിമയും മാറി തലമുറയും മാറി. അപ്പോഴും കവിയൂര്‍ പൊന്നമ്മയുടെ അമ്മ വേഷങ്ങള്‍ മാറിയില്ല. മമ്മൂട്ടി മോഹന്‍ലാല്‍ യുഗപ്പിറവിയിലും ആ യാത്ര തുടര്‍ന്നു. 

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ക്ക് പിന്നാലെ 85ല്‍ പത്മരാജന്റെ സംവിധാനത്തിലൊരുങ്ങിയ തിങ്കളാഴ്ച നല്ല ദിവസത്തിലെ അമ്മവേഷവും തനിയാവര്‍ത്തനത്തിലെ കഥാപാത്രവും കവിയൂര്‍ പൊന്നമ്മയെന്ന അഭിനേത്രിയുടെ കൂടി മികവായി വിലയിരുത്തപ്പെട്ടു. കിരീടവും സന്ദേശവും ഇന്‍ ഹരിഹര്‍ നഗറും അങ്ങനെ പില്‍ക്കാലം കണ്ടത് എത്രയെത്ര ചിത്രങ്ങള്‍. 

73ല്‍ തന്റെ മകനായി അഭിനയിച്ച തിലകനൊപ്പം പില്‍ക്കാലത്ത് ഒട്ടനവധി ചിത്രങ്ങളില്‍ പൊന്നമ്മ ഭാര്യയായി അഭിനയിച്ചു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ പകുതിയിലും മോഹന്‍ലാലിന്റെ അമ്മ വേഷത്തിലെത്തിയ ചിത്രങ്ങളൊക്കെയും ശ്രദ്ധിക്കപ്പെട്ടു. 

മുത്തശ്ശിയും ഭാര്യയുമൊക്കെയായി ഇതിനിടയിലും അസംഖ്യം കഥാപാത്രങ്ങള്‍. ഒടുവിലായി റിലീസായ ആന്തോളജി ചിത്രം ആണ്ണും പെണ്ണിലും നെടുമുടിവേണുവിനൊപ്പമായിരുന്നു ഭാഗധേയം. സുമതിയമ്മയെന്ന കഥാപാത്രം. ഒടുവിലായി കണ്ടപ്പോള്‍ അഭിനയിച്ച കഥാപാത്രങ്ങളും സഹപ്രവര്‍ത്തകരെയും കൂട്ടിയിണക്കാന്‍ ബദ്ധപ്പെട്ടപ്പോഴും ആദ്യ സിനിമാഫ്രെയ്മില്‍ കണ്ട അതേ ചിരിയായിരുന്നു മുഖത്ത്. ആ ഇഷ്ടഗാനം പാടിത്തന്ന് യാത്ര പറഞ്ഞു.

ENGLISH SUMMARY:

Kaviyoor Ponnamma cinema life