പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. രണ്ട് വര്‍ഷം മുന്നേ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. റാഹ കപൂര്‍ എന്നാണ് ദമ്പതികള്‍ കുഞ്ഞിന് പേര് നല്‍കിയത്. കഴിഞ്ഞ ദിവസം റാഹയെ ഉറക്കാന്‍ മലയാളം താരാട്ട് പാട്ട് പാടുന്നതിനെ പറ്റി ആലിയ പറഞ്ഞിരുന്നു. ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആയിരുന്നു ആലിയ ഭട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.
1991ൽ സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്ന ചിത്രത്തിലെ 'ഉണ്ണീ വാവാവോ' എന്ന താരാട്ട് പാടിയാണ് ആയ കുട്ടിയെ ഉറക്കുന്നതെന്നും രണ്‍ബീര്‍ ഇപ്പോള്‍ പാട്ട് പഠിച്ചെന്നും ആലിയ പറഞ്ഞു. ആയ വന്നപ്പോൾ മുതൽ റാഹയ്ക്ക് ഈ പാട്ട് പാടികൊടുക്കുമായിരുന്നുവെന്നും റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറഞ്ഞു. ഇതിനു പിന്നാലെ ഉണ്ണി വാവാവോ പാന്‍ ഇന്ത്യന്‍ ആയി മാറിയിരിക്കുകയാണ്. ആലിയയുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ ലക്ഷകണക്കിന് ആളുകളാണ് ഉണ്ണി വാവാവോ യൂട്യൂബില്‍ കണ്ടത്. ഹിന്ദിക്കാര്‍ മാത്രമല്ല, മറ്റ് ഭാഷക്കാരും ഇതില്‍ ഉള്‍പ്പെടും. കമന്‍റ് ബോക്സില്‍ പാട്ടിനെ പുകഴ്ത്തി നിരവധി പേരാണ് എത്തിയത്. അതേസമയം ഇത് മലയാളമല്ലെന്നും തമിഴല്ലേയെന്നുമാണ് ചിലരുടെ ചോദ്യം. എന്തായാലും ഉണ്ണി വാവാവോ പാന്‍ ഇന്ത്യനായിരിക്കുകയാണ്. മോഹൻ സിത്താര സംഗീതം നൽകിയ ഗാനത്തിന് കൈതപ്രം ആയിരുന്നു വരികൾ എഴുതിയത്. കെ.എസ്.ചിത്രയാണ് പാട്ട് പാടിയിരിക്കുന്നത്.