സാമൂഹ്യമാധ്യമങ്ങളില്‍ നടി നിഖില വിമലിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും നിറയുന്നതിനിടെ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മനസിൽ തോന്നുന്നത് തുറന്നു പറയുന്ന നിഖിലയെ തനിക്ക് ഇഷ്ടമാണെന്നും ഇനിയും മനസ്സിലുള്ളതു പറയുന്നത് തുടരുക എന്നുമാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

‘മനസിൽ തോന്നുന്നത് തുറന്നു പറയുന്ന നിഖിലയെ ഞാൻ ഇഷ്ടപ്പെടുന്നു. കല്‍പ്പിച്ചു തന്നിട്ടുള്ള സ്മാര്‍ട്ട്‌നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ചു തന്ന സമൂഹത്തിനും മാധ്യമങ്ങൾക്കും നന്ദി. ഇനിയും മനസ്സിലുള്ളതു പറയുന്നത് തുടരുക പെണ്ണെ! നീ സ്മാർട്ട് ആണ്, നന്നായി രസിപ്പിക്കുന്നവളാണ്, പിന്നെ എല്ലാത്തിലും ഉപരി നിന്‍റെ കഴിവിന്റെ പരമാവധി നീ ചെയ്യുന്നുണ്ട്. നിഖില വിമൽ ഇഷ്ടം’ എന്നാണ് ഐശ്വര്യ കുറിച്ചത്. 

‘ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്. ഞാൻ പറയുന്നത് എല്ലാവർക്കും ഇഷ്ടപ്പെടില്ല’ എന്ന നിഖില വിമലിന്റെ പ്രതികരണം പങ്കുവച്ചായിരുന്നു ഐശ്വര്യ ലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. 

അഭിമുഖങ്ങളിലെ ചോദ്യങ്ങളോട് മറുപടി നല്‍കുന്ന നിഖിലയുടെ ശൈലി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. തഗ് റാണി എന്നാണ് സോഷ്യല്‍ മീഡിയ നിഖിലയെ വിളിക്കുന്നത്.  നിഖിലയെ വിമര്‍ശിക്കുന്ന ഗൗതമിയുടെ പോസ്റ്റും ചര്‍ച്ചയായിരുന്നു. ആരുടെയും പേരെടുത്ത് പറയാതെ ആയിരുന്നു ഗൗതമിയുടെ പ്രതികരണം.

ENGLISH SUMMARY:

Aishwarya Lakshmi supports Nikhila Vimal