പിടിയിലായ ദമ്പതികള്‍

TOPICS COVERED

സഹോദരന് വേണ്ടി വിവാഹാലോചനകള്‍ ക്ഷണിച്ച യുവതിക്ക് ലഭിച്ചത് തന്‍റെ തന്നെ ചിത്രങ്ങള്‍. ഇതോടെ ദമ്പതികള്‍ ഉള്‍പ്പെട്ട വ്യാജ മാട്രിമോണി സംഘം പിടിയിലായി. രേഖ എന്ന യുവതിയാണ് മാര്യേജ് ബ്യൂറോയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് പൊലീസിനെ അറിയിച്ചത്. തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ദമ്പതികളെ പത്തനംതിട്ടയില്‍ നിന്നും പൊലീസ് പിടികൂടി.

സഹോദരന്‍റെ വിവാഹത്തിനായാണ് രേഖ മാര്യേജ് ബ്യൂറോയെ സമീപിച്ചത്. തന്‍റെ മൊബൈലില്‍ നിന്നും വാട്സ്ആപ്പ് വഴിയാണ് മാര്യേജ് ബ്യൂറോയിലേക്ക് രേഖ സന്ദേശം അയച്ചത്. പ്രതീക്ഷിച്ചതുപോലെ അധികം വൈകാതെ തന്നെ രേഖയ്ക്ക് മറുപടിയും ലഭിച്ചുതുടങ്ങി. മാരേജ് ബ്യൂറോക്കാര്‍ പയ്യന്‍റെ വിവരങ്ങള്‍ ആരാഞ്ഞതിന് പിന്നാലെ മൂന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങളും രേഖയ്ക്ക് അയച്ചുകൊടുത്തു.

ഇതോടെയാണ് വ്യാജതട്ടിപ്പ് സംഘത്തിന് പണിപാളിയത്. രേഖയ്ക്ക് തട്ടിപ്പ് സംഘം അയച്ചുകൊടുത്ത ചിത്രങ്ങളില്‍ ആദ്യത്തേത് കണ്ട് രേഖ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം ആ ഫോട്ടോ രേഖയുടേത് തന്നെയായിരുന്നു. ആദ്യം ഒന്ന് പതറിയെങ്കിലും തട്ടിപ്പ് തിരിച്ചറി‍ഞ്ഞതായി ഭാവിക്കാതെ രേഖ ആശയ വിനിമയം തുടര്‍ന്നു. പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ തേടിയപ്പോള്‍ പണം നല്‍കിയാല്‍ തരാമെന്നായി സംഘം.

പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ 1500 രൂപ തട്ടിപ്പ് സംഘം രേഖയോട് ആവശ്യപ്പെട്ടു. പണം നഷ്ടമാകുമെന്നുവന്നതോടെ, രേഖ പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം സമാന്തരമായി നമ്പരിന്റെ ഉടമയെ കണ്ടെത്താനുളള ശ്രമവും തുടങ്ങി. പലവഴിക്കായി അന്വേഷണം. തനിക്ക് ലഭിച്ച വിവരങ്ങള്‍ രേഖ പൊലീസിന് കൈമാറി.

ഇതോടെ തട്ടിപ്പ് സംഘത്തിലെ പ്രധാനികളായ പറക്കോട് സ്വദേശി രാജന്‍, ഭാര്യ ബിന്ദു എന്നിവര്‍ പിടിയിലായി. കേസിലെ ഒന്നാം പ്രതി എറണാകുളം സ്വദേശി തോമസാണ്. പൊലീസ് തോമസിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അതേസമയം മാരേജ് ബ്യൂറോയുടെ മറവില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയിലായെന്ന് അറിഞ്ഞതോടെ അഴൂര്‍ സ്വദേശി യുവാവും പരാതിയുമായി പൊലീസിനെ സമീപിച്ചു.