actor-bala-and-amritha-suresh

‌നടൻ ബാലയ്ക്കെതിരെ മകളുന്നയിച്ച ആരോപണങ്ങളിൽ മറുപടി പറയുന്നതിനൊപ്പം ബാലയുമായുള്ള ജീവിതത്തെക്കുറിച്ചും വീണ്ടും തുറന്ന് പറഞ്ഞ് അമൃതസുരേഷ്. അച്ഛനും അമ്മയും എതിര്‍ത്ത വിവാഹമായിരുന്നു. കള്ളം പറഞ്ഞാണ് തന്നെ വിവാഹം ചെയ്തത്. തന്നെ കല്യാണം കഴിക്കുന്നതിന് മുന്‍പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും അമൃത സുരേഷ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറയുന്നു. Read Also: 'അന്ന് അടികൊണ്ട് ചോരതുപ്പി; ഇന്ന് പാപ്പുവിനെതിരെ സൈബർ ആക്രമണം'

വിവാഹത്തെ കുറിച്ചുള്ള അമൃതയുടെ വാക്കുകള്‍... 

പതിനെട്ടാമത്തെ വയസ്സിലാണ് ആദ്യമായി ഒരാളെ സ്നേഹിക്കുന്നത്. അയാളെ കല്യാണം കഴിക്കുകയും ചെയ്തു. ഇഷ്ടം വീട്ടിൽ പറയാൻ മടിയായിരുന്നു, കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നു. ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് എന്നെ വിവാഹം ചെയ്തത്. ബാല ചേട്ടൻ എന്നെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അത് നിശ്ചയം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. അന്നും അച്ഛനും അമ്മയും വിവാഹത്തിൽ നിന്ന് പിന്മാറാൻ എന്നോട് പറഞ്ഞതാണ്. പക്ഷേ ഞാൻ തയാറായില്ല. വിവാഹത്തിന് ശേഷം ചോര തുപ്പി പലദിവസവും ഞാൻ ആ വീട്ടിൽ കിടന്നിട്ടുണ്ടെന്നും അമൃത പറയുന്നു. 

ബാലയുടെ ഉപദ്രവം കൂടിയപ്പോളാണ് വീട്ടില്‍ നിന്നിറങ്ങുന്നത്. കോടികൾ എടുത്തല്ല ഇറങ്ങിയത്. നഷ്ടപരിഹാരം ചോദിച്ചിരുന്നു. പക്ഷേ മകളെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞു. എന്നിട്ടും ബാല ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ നിങ്ങൾ എല്ലാവരും പ്രാർഥിച്ചു. പക്ഷേ ഇന്നും ഞാൻ ചികിത്സയിലാണ്.

വെളുപ്പിന് അഞ്ചരയ്ക്കാണ് വിഡിയോ ഷൂട്ട് ചെയ്തതെന്നാണ് അമൃത സുരേഷ് പറയുന്നത്. ഇന്നലെത്തെ സംഭവത്തിന് ശേഷം കുടുംബത്തിൽ ആരും ഉറങ്ങിയിട്ടില്ലെന്നും അമൃത പറഞ്ഞു. 14 വർഷമായി ഞാൻ മിണ്ടാതിരിക്കുകയാണ്. എന്റെ സൈലൻസ് എന്നെ വെറുക്കാനുള്ള കാരണമായി. കോവിഡ് വന്നിട്ട് പാപ്പുവിനെ ഡോക്ടറെ കാണിച്ചില്ല എന്ന ഫേക്ക് ന്യൂസിലാണ് ആദ്യമായി പ്രതികരിച്ചത്. ഇന്ന് വീണ്ടും പാപ്പുവിലേക്ക് എത്തിയത് കൊണ്ടാണ് വീണ്ടും സംസാരിക്കുന്നതെന്നും അമൃത.

‌‌‌‘മമ്മി എന്താണ് മിണ്ടാത്തത് എന്ന് മകളാണ് ചോദിച്ചത്. ഞാൻ പറയാം, എനിക്കൊരു വിഡിയോ ചെയ്യണം ഞാൻ പറഞ്ഞാൽ വിശ്വസിക്കും എന്ന് പറഞ്ഞാണ് മകൾ വിഡിയോ പോസ്റ്റ് ചെയ്തതെന്നും അമൃത സുരേഷ് പറയുന്നു. 'എന്താണ് പറയാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. 12 വർഷം കുട്ടി സർവതും കണ്ടു, അത്രയും വിഷമിച്ചാണ് ആ കുഞ്ഞ് സംസാരിച്ചത്. അതിന് ശേഷം പാപ്പുവിനെ സൈബർ ബുള്ളിയിങിന് ഇട്ടുകൊടുക്കുന്ന തരത്തിൽ മറ്റൊരു വിഡിയോ ഇറക്കുകയായിരുന്നു' അമൃത വിഡിയോയിൽ പറയുന്നു.'കുട്ടിയെ പറ്റി കള്ളി, അഹങ്കാരി എന്ന് മലയാളികൾ കമൻറിട്ടു. അമ്മയെന്ന നിലയ്ക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. മമ്മി പറഞ്ഞ് ചെയ്പ്പിച്ചു എന്നാണ് പറയുന്നത്. ഇന്നിത് കുട്ടികൾക്കിടയിൽ സംസാരിക്കുന്ന വിഷയമായി. അവൾ ഉത്തരം പറേണ്ട അവസ്ഥയായി' അമൃത പറഞ്ഞു.

വിവാഹമോചനത്തിന് ശേഷം ഞാൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാൻ അനുവദിക്കണം. ഞങ്ങൾക്കു വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർ ബുള്ളീയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പക്കരുതെന്നും അമൃത പറയുന്നു.

ENGLISH SUMMARY:

Amritha opens up about her married life and actor Bala