ബോളിവുഡിന്‍റെ പ്രിയതാരം രണ്‍ബീര്‍ കപൂറിന് ഇന്ന് 42-ാം പിറന്നാള്‍. ആലിയ ഭട്ട് – രണ്‍ബീര്‍ ദമ്പതികളുടെ മകളുടെ വിശേഷങ്ങളും രണ്‍ബീര്‍ കുഞ്ഞിന് പാടിക്കൊടുക്കുന്ന ‘ഉണ്ണീ വാവാവോ...’ എന്ന മലയാളം താരാട്ടുപാട്ടും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
പതിയെ തുടങ്ങി ബോളിവുഡില്‍ തരംഗമായി മാറിയ നടനാണ് രണ്‍ബീര്‍ കപൂര്‍. താരദമ്പതികളായ ഋഷി കപൂറിന്‍റെയും നീതു സിംഗിന്‍റെയും മകന്‍. 2007ല്‍ പുറത്തിറങ്ങിയ ആദ്യചിത്രം ‘സാവരിയ’ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സഞ്ജയ് ലീല ബന്‍സാലിയുടെ കണ്ടുപിടിത്തം തെറ്റിയില്ല. ‘യേ ജവാനി ഹേ ദിവാനി’ എന്ന ചിത്രം രണ്‍ബീറിന്‍റെ താരപദവി ഉറപ്പിച്ചു. റൊമാന്‍റിക് ഹീറോ പരിവേഷത്തിനൊപ്പം ‘ബര്‍ഫി’ പോലുള്ള പരീക്ഷണങ്ങളുടെയും ഭാഗമായി. ഒടുവില്‍ ‘അനിമല്‍’ എന്ന ആക്ഷന്‍ ചിത്രത്തിലെ വേഷപ്പകര്‍ച്ച ആരാധകരെ ശരിക്കും ഞെട്ടിച്ചു.
പ്രണയബന്ധങ്ങളുടെ പേരില്‍ ഏറെക്കാലം താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദീപിക പദുക്കോണുമായും കത്രീന കൈഫുമായുള്ള പ്രണയം തനിക്ക് ‘കാസനോവ’യെന്നും വഞ്ചകനെന്നുമുള്ള പേര് നല്‍കിയെന്ന് രണ്‍ബീര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. 2022ല്‍ നടി ആലിയ ഭട്ടിനെ ജീവിതസഖിയാക്കി. ഇവരുടെ മകള്‍ റാഹ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരമാണ്. മകള്‍ക്കുവേണ്ടി രണ്‍ബീര്‍ പഠിച്ചെടുത്ത മലയാളത്തിലെ താരാട്ടുപാട്ടിനെക്കുറിച്ച് ആലിയ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ഈ താരാട്ടുപാട്ട് ദമ്പതികളെ പഠിപ്പിച്ചത് മലയാളി നഴ്സ് സുമ നായരാണ്. തന്‍റെ ഹൃദയത്തിന്‍റെ ഒരുഭാഗം കയ്യിലേക്ക് തന്നതുപോലെയാണ് മകളെന്ന് രണ്‍ബീറിന്‍റെ വാക്കുകള്‍. ജന്‍മദിനത്തിന്‍റെ ഭാഗമായുള്ള ആഘോഷങ്ങളില്‍ ഉണ്ണി വാവാ വോ.. എന്ന പാട്ട് രണ്‍ബീര്‍ പാടി അത് പുറത്തുവിടുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.