surabhi-manikyam

അജയന്‍റെ രണ്ടാം മോഷണത്തില്‍ മണിയന്‍റെ മാണിക്യമായി അമ്പരപ്പിച്ചിരിക്കുകയാണ് സുരഭി ലക്ഷ്​മി. സിനിമ കണ്ടവരെല്ലാം ടൊവിനോയ്​ക്കൊപ്പം സുരഭി ലക്ഷ്​മിയുടെ പ്രകടനത്തേയും എടുത്തുപറഞ്ഞിരുന്നു. ടൊവിനോയുടെ നായികയായി സുരഭിയോ എന്ന് സംശയിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു മാണിക്യമായുള്ള സുരഭിയുടെ പ്രകടനം. തന്‍റെ സുഹൃത്തുക്കള്‍ തന്നെ ഈ സംശയം ഉന്നയിച്ചിരുന്നു എന്ന് പറയുകയാണ് സുരഭി ലക്ഷ്​മി. എന്നാല്‍ തനിക്ക് തന്നില്‍ ആത്​മവിശ്വാസമുണ്ടായിരുന്നു എന്നും കഥാപാത്രത്തിനായി അത്രയേറെ തയാറെടുപ്പകള്‍ നടത്തിയിരുന്നു എന്നും പറയുകയാണ് സുരഭി. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

'ചേച്ചി എങ്ങനെയാണ് പ്രേമിക്കുന്നത്, ഞങ്ങള്‍ക്ക് അത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല എന്ന് കൂട്ടുകാര്‍ ചോദിച്ചിരുന്നു. കാരണം ഞാന്‍ പുറമേ വേറെ ഒരു തരത്തിലുള്ള ആളാണ്. സിനിമയിലാണെങ്കില്‍ ദാരിദ്ര്യവും കഷ്​ടപ്പാടും കുട്ടി മരിക്കുന്നതും അല്ലെങ്കില്‍ കഷ്​ടപ്പെട്ട് കുട്ടിയെ പഠിപ്പിക്കുന്ന ഒരു  സിംഗിൾ മദറും ഒക്കെയാണ് ഞാന്‍. ആക്​ടര്‍ എന്ന നിലയില്‍ എന്നെ എക്സ്​പ്ലോര്‍ ചെയ്​തിട്ടില്ല. അങ്ങനെയൊരു കഥാപാത്രം കിട്ടുമ്പോഴല്ലേ അത് എങ്ങനെയാണ് ചെയ്യുക എന്ന് നോക്കാന്‍ പറ്റുക. 

പിന്നെ ടൊവിനോ തോമസിന്‍റെ നായികയോ, ഒന്നു പോടി എന്ന് കൂട്ടുകാര്‍ കളിയാക്കിയിട്ടുണ്ട്. എങ്ങനെയുണ്ട് എന്ന് ഞങ്ങള്‍ക്ക് ഒന്നു കാണണം എന്നൊക്കെ പറഞ്ഞവരുണ്ട്. നമുക്ക് നമ്മളില്‍ തന്നെ ഒരു ആത്മവിശ്വാസമുണ്ടല്ലോ. മാണിക്യമാവാന്‍ ഞാന്‍ അത്രയേറെ മാനസികമായി തയാറെടുത്തിട്ടുണ്ട്. എന്‍റെ എതിരെ നില്‍ക്കുന്നത് ടൊവിനോ തോമസ് എന്ന സ്റ്റാറല്ല, കമല്‍ ഹാസന്‍ സാറോ രജനി സാറോ ലാല്‍ സാറോ ആര് വന്ന്  നിന്നാലും ഞാന്‍ മാണിക്യമാണ് എന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. സുരഭീടെ റൊമാന്‍സുമല്ല അവിടെ കാണുന്നത്. 

 

പ്രണയരംഗങ്ങളിലേക്ക് വന്നാല്‍ എപ്പോഴും മണിയന്‍റെ മുകളില്‍ ഇരിക്കുന്ന മാണിക്യത്തെയാണ് കാണുന്നത്. എന്‍റെ ഭൂമിയും ആകാശവും എല്ലാം നീയാണ് എന്ന് പറയാന്‍ തോന്നുന്ന തരത്തിലുള്ള മാണിക്യമാണ് അത്. ഞാന്‍ ആ കഥാപാത്രത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ചാല്‍ നിങ്ങള്‍ക്കും വിശ്വസിക്കാം. എന്‍റെ വിശ്വാസത്തിന്‍റെ ആഴത്തില്‍ അത് കിട്ടി എന്നതിലാണ് എന്‍റെ സന്തോഷം. ടൊവിനോ എന്ന സ്റ്റാര്‍ അവിടെ ഇല്ല, അദ്ദേഹം മണിയനായാണ് നില്‍ക്കുന്നത്. ആ ശബ്​ദത്തിലും നോട്ടത്തിലും എല്ലാം അങ്ങനെയാണ്. അവിടെ മണിയനും മാണിക്യവുമേയുള്ളൂ,' സുരഭി പറഞ്ഞു.

സുരഭി ലക്ഷ്​മിയുടെ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് യൂട്യൂബ് ചാനലില്‍ കാണാം.

ENGLISH SUMMARY:

Surabhi Lakshmi talks about the intimate scenes in ARM