ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം. തിളക്കമുള്ള കഥാപാത്രങ്ങള്‍ കൊണ്ട് സമ്പന്നമായ, അഞ്ച് പതിറ്റാണ്ടിന്‍റെ അഭിനയ ജീവിതമാണ് ആദരിക്കപ്പെടുന്നത്.
വെള്ളിത്തിരയില്‍ ഫാസ്റ്റ് നമ്പറുകള്‍ ഇറക്കി ഒരുകാലത്ത് ആരാധകരെ ഇളക്കിമറിച്ച ഡിസ്കോ ഡാന്‍സര്‍. ഇന്ത്യന്‍ ജാക്സണ്‍ എന്നറിയപ്പെടുന്ന മിഥുന്‍ ചക്രവര്‍ത്തിയെ ഇങ്ങനെ അടയാളപ്പെടുത്താം. 1976ല്‍ പുറത്തിറങ്ങിയ മൃഗയ എന്ന തന്‍റെ ആദ്യ സിനിമയ്ക്ക് തന്നെ ദേശീയ അവാര്‍ഡ്. തുടര്‍ന്നിങ്ങോട്ട് ബോളിവുഡില്‍ തരംഗമായി മാറിയ നടന്‍. 1982ലെ ഡിസ്കോ ഡാന്‍സര്‍ എന്ന ചിത്രത്തിന് ശേഷം വലിയ താരമായി. പ്രേം പ്രതിഗ്യാ, ജംഗ്, പ്യാർ ജുക്താ നഹി, അഗ്നിപഥ് തുടങ്ങി 350ല്‍ പരം ചിത്രങ്ങള്‍. ഹിന്ദി, ബംഗാളി, പഞ്ചാബി, കന്നഡ തുടങ്ങി അഞ്ച് പതിറ്റാണ്ടോളം ആകുന്ന അഭിനയ ജീവിതത്തില്‍ ചെന്നെത്താത്ത ഭാഷകളും കുറവ്. മൂന്ന് ദേശീയ അവാര്‍ഡുകള്‍. പത്മഭൂഷന്‍ ലഭിച്ചതിന്‍റെ പിന്നാലെയാണ് ഇരട്ടിമധുരമായി പരമോന്നത അംഗീകാരമായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം തേടിയെത്തുന്നത്. മുംബൈയിലെ തെരുവുകളില്‍ പട്ടിണി കിടന്ന് നേടിയെടുത്ത ജീവിത വിജയമാണ് തന്‍റേതെന്ന് താരം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
1950 ജൂണ്‍ 16ന് കൊല്‍ക്കത്തയില്‍ ആയിരുന്നു ജനനം. 2000 കാലഘട്ടത്തില്‍ ബോളിവുഡില്‍ നിറം മങ്ങിയപ്പോള്‍ മിഥുന്‍ ചക്രവര്‍ത്തി തിരിച്ചെത്തിയത് ബാംഗാളി സിനിമയിലേക്കായിരുന്നു. മമത ബാനര്‍ജിയുമായുള്ള അടുപ്പം രാഷ്ട്രീയത്തിലേക്ക് എത്തിച്ചു. 2014ല്‍ തൃണമൂല്‍ ടിക്കറ്റില്‍ രാജ്യസഭാ അംഗമായി. കളംമാറ്റിയ താരത്തെ പിന്നെ കണ്ടത് ബിജെപി ക്യാംപിലാണ്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് 74കാരനായ മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്.