രജനികാന്ത് ആശുപത്രിയിലാണെന്ന വാര്‍ത്ത കേട്ട ഞെട്ടലില്‍ ആരാധകര്‍. തിങ്കളാഴ്ച രാത്രി വൈകിയാണ് അദ്ദേഹത്തെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ല. ചൊവ്വാഴ്ച പരിശോധനയുണ്ടെന്നും നിലവില്‍ ആരോഗ്യം തൃപ്തികരമാണെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വാര്‍ത്ത കാട്ടുതീ പോലെയാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. സൂപ്പര്‍സ്റ്റാറിന് പ്രാര്‍ഥനകളുമായി ഒട്ടേറെപ്പേരെത്തി. സ്ഥിരമായി ഉദരസംബന്ധമായ അസുഖങ്ങള്‍ രജനികാന്തിനെ അലട്ടുന്നുണ്ടായിരുന്നു, അതിന്‍റെ ഭാഗമായിട്ടാവാം ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്.
73കാരനായ രജനികാന്തിന്‍റെ ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ച ആശുപത്രിയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതാദ്യമായല്ല രജനികാന്തിനെ സംബന്ധിച്ച ആശങ്ക ആരാധകരില്‍ പടര്‍ന്നുപിടിക്കുന്നത്. 2020 ഡിസംബറില്‍ സമാന സാഹചര്യമുണ്ടായി. താരം രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. അന്ന് ആരോഗ്യം മോശമായതോടെയാണ് അദ്ദേഹം രാഷ്ട്രീയനീക്കം ഉപേക്ഷിച്ചതെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. കോവിഡ് കാലം കൂടിയായപ്പോള്‍ രജനിയുടെ രാഷ്ട്രീയ പ്രവേശം അവിടെ നിന്നു.
ലോകേഷ് കനകരാജിന്‍റെ കൂലിയിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം എസ്.പി മുത്തുരാമന്‍, എ.വി.എം ശരവണന്‍ എന്നിവരുമായി രജനികാന്ത് ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ഞൊടിയിടയിലാണ് സമൂഹമാധ്യമത്തില്‍ വൈറലായത്.
ഒക്ടോബര്‍ പത്തിന് രജനികാന്തിന്‍റെ ‘വേട്ടയന്‍’ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജയ്ഭീം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ടി.ജി ജ്ഞാനവേലാണ് സംവിധായകന്‍. ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗുബത്തി, റിതിക സിങ്, ദുഷര വിജയന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.