മോളിവുഡിനു പിന്നാലെ മറ്റ് ഭാഷകളിലും സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞ് പലരും മുന്നോട്ടുവരികയാണ്. ബോളിവുഡില്‍ നിന്നടക്കം ഇത്തരം തുറന്നുപറച്ചിലുകള്‍ സജീവമാകുകയാണ്. ബോളിവുഡിലെ പല ഹീറോകളും രാത്രി തന്നെ മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി മല്ലിക ഷെരാവത്ത്. നായകന്മാരോട് നോ പറഞ്ഞതുകൊണ്ട് സിനിമാമേഖലയില്‍ നിന്ന് താന്‍ മാറ്റിനിര്‍ത്തിപ്പെട്ടെന്നും അവര്‍ ആരോപിക്കുന്നു.

വിട്ടുവീഴ്ചകള്‍ സ്വാഭാവികമാണെന്ന തരത്തിലാണ് പലരും തന്നെ സമീപിച്ചത്. സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതുകൊണ്ട് ഓഫ് സ്ക്രീനിലും അങ്ങനെയാണെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലാത്തയാളാണ് താന്‍ എന്ന് മല്ലിക ഷെരാവത്ത് തുറന്നടിച്ചു. നടിയുടെ വെളിപ്പെടുത്തല്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

‘ചില നായകന്മാര്‍ എന്നെ വിളിച്ച് രാത്രി വന്നു കാണണമെന്നു പറയും. ഞാന്‍ എന്തിനാണ് രാത്രി നിങ്ങളെ വന്ന് കാണേണ്ടത് എന്ന് അവരോട് തിരിച്ചുചോദിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണുന്നതില്‍ എന്താണ് പ്രശ്‌നമെന്നായിരിക്കും അവരുടെ മറുപടി. അവരെല്ലാം എന്റെ കാര്യത്തില്‍ അനാവശ്യ കൈകടത്തല്‍ നടത്തുകയായിരുന്നു. ഞാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍, ഞാന്‍ അങ്ങനെയല്ല’ എന്നാണ മല്ലിക ഷെരാവത്ത് പറഞ്ഞിരിക്കുന്നത്.

2003ല്‍ പുറത്തിറങ്ങിയ 'ഖ്വായിഷി'ലൂടെയാണ് മല്ലിക ഷെരാവത്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2004ല്‍ ഇറങ്ങിയ 'മര്‍ഡര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. ബോക്സ് ഓഫീസില്‍ വലിയ തരംഗം സൃഷ്ടിച്ച ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സീ സിനി പുരസ്‌കാരമടക്കം മല്ലിക നേടി.

ജാക്കിച്ചാന്‍ നായകനായ 'മിത്ത്' എന്ന ഹോളിവുഡ് ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006- ലെ 'പ്യാര്‍ കെ സൈഡ് ഇഫക്ട്സ്' എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. രജത് കപൂര്‍ നായകനായ 2022-ല്‍ പുറത്തിറങ്ങിയ ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ് മല്ലിക അവസാനം അഭിനയിച്ചത്. മല്ലികയെ ഏഷ്യയിലെ 100 സുന്ദരികളില്‍ ഒരാളായി ഹോങ്കോങ്ങിലെ ഒരു ഫാഷന്‍ മാഗസിന്‍ തിരഞ്ഞെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Mallika Sherawat opened up about the challenges she faced in Bollywood due to her bold on-screen image. Because of the daring roles she portrayed in films, many top actors assumed she would be willing to compromise with them off-screen as well. They would call her at night, implying that her boldness on-screen should translate into her personal life, expecting her to meet them. Mallika rejected these advances, making it clear that she wasn’t the type to compromise her values.