കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ദേയനായ നടൻ മോഹൻ രാജ് അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു. 250 ലധികം സിനിമകളിൽ അഭിനയിച്ചു. ചികിത്സയ്ക്കായാണ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.
ആകസ്മികമായിട്ടായിരുന്നു മോഹൻ രാജിന്റെ സിനിമാ പ്രവേശനം. എൻഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹൻ ചെന്നൈയിൽ ജോലി ചെയ്യുന്ന സമയം തമിഴ് ചിത്രത്തിൽ ചെറിയ വേഷങ്ങൾ ചെയ്താണ് സിനിമയിലേക്കെത്തുന്നത്. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, നരസിംഹം, ഹലോ അടക്കം മോഹൽലാലിനൊപ്പം ശ്രദ്ധേയമായ കൊമ്പോ. 250 ലധികം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്‌തു. സിനിമയിൽ അഭിനയിച്ചതിന് ഇടക്കാലത്ത് ജോലിയിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നു. സിനിമയിൽ കൂടുതൽ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു പിന്നീട് ജോലി ഉപേക്ഷിച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയുടെ ഗതിയും രൂപവും ഏറെ മാറിയിരുന്നു.
മലയാള സിനിമ ന്യൂജൻ ട്രെൻഡിലേക്ക് പോയതോടെ വില്ലൻമാർക്കൊക്കെ കോമഡി പരിവേഷമായി. അങ്ങനെ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന മോഹൻ രാജിന് നിരാശയായി. കോമഡി വേഷങ്ങളിലേക്കു കൂടുമാറാതെ മോഹൻരാജ് അഭിനയത്തിൽനിന്നു മാറിനിന്നു. കീരിക്കാടനെ പോലെ അല്ലെങ്കിലും എന്നും ഓർക്കാൻ കഴിയുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്യണമെന്ന് മോഹൻ പല വേദികളിലും പറഞ്ഞിരുന്നു. പക്ഷേ ആ ആഗ്രഹം മാത്രം സാധ്യമായില്ല. ഓർമകളും പ്രതീക്ഷകളും ബാക്കിയാക്കി മലയാളിയുടെ കീരികാടൻ യാത്രയായി.