വരുണ്‍ ധവാന്‍, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന പുതിയ സീരിസാണ് 'സിറ്റാഡെൽ; ഹണി ബണ്ണി'. കഴിഞ്ഞ ദിവസം സ്ട്രീമിംഗ് ആരംഭിച്ച സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീരിസിന്‍റെ ഷൂട്ടിനിടക്ക് നേരിട്ട അനുഭവങ്ങള്‍ പങ്കുവക്കുകയാണ് വരുണ്‍ ധവാന്‍. ഷൂട്ടിനിടക്ക് സാമന്തക്കായി ഓക്സിന് സിലിണ്ടര്‍ വരുമായിരുന്നുവെന്നും ഒരു തവണ അവര്‍ ബോധം കെട്ടുവീണുവെന്നും വരുണ്‍ പറഞ്ഞു. സാമന്തയുടെ പ്രശ്നങ്ങള്‍ അപേക്ഷിച്ച് നോക്കുമ്പോള്‍ തന്‍റേതൊന്നും ഒരു പ്രശ്നമേയല്ലെന്നും ഒരു അഭിമുഖത്തില്‍ വരുണ്‍ പറഞ്ഞു.
'പ്രധാനമായും രണ്ട് സംഭവങ്ങളുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ എന്‍റെ ഹൃദയം മുങ്ങിപ്പോയതുപോലെയായിരുന്നു. ഞാന്‍ പേടിച്ചുപോയി. ഒരു ദിവസം സാമന്ത കണ്ണുകള്‍ അടച്ച് 'ഇന്ന് ആ ദിവസമാണ്' എന്ന് പറഞ്ഞു. അതിനുശേഷം രണ്ട് മണിക്കൂര്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഓക്സിജന്‍ ടാങ്ക് വന്നു. ഒരു വശത്തിരുന്ന് സാമന്ത ഓക്സിജന്‍ എടുത്തു. അവര്‍ക്ക് വേണമെങ്കില്‍ അന്ന് അവധി എടുക്കാമായിരുന്നു, എന്നിട്ടും അവര്‍ ജോലി ചെയ്തു.
രണ്ടാമത്തെ സംഭവം സെര്‍ബിയയിലെ റെയില്‍വേ സ്റ്റേഷനിലെ ഷൂട്ടിനിടയിലായിരുന്നു. എന്‍റെ പിന്നാലെ സാമന്ത ഓടുന്ന ഷോട്ടായിരുന്നു അത്. ആ ഷോട്ടിനിടക്ക് സാമന്ത ബോധം കെട്ടുവീണു. ഞാന്‍ അവരെ പെട്ടെന്ന് പിടിച്ചു. രാജിന്‍റെ അടുത്ത് പോയി പാക്ക് അപ്പ് പറഞ്ഞു. ശാന്തനായി അവിടെ പോയി നില്‍ക്കൂ എന്നാണ് അവര്‍ എന്നോട് പറഞ്ഞത്. പേടിക്കണ്ട, അവള്‍ ഓക്കെയാവുമെന്നും പറഞ്ഞു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. സാമന്ത ഒരു പ്രചോദനമാണ്. അവരുടെ പ്രശ്നങ്ങള്‍ക്ക് മുമ്പില്‍ എന്‍റെ പ്രശ്നങ്ങള്‍ ഒന്നുമല്ല,' വരുണ്‍ ധവാന്‍ പറഞ്ഞു.
മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ് സാമന്തയെ ബാധിച്ചിരിക്കുന്നത്. സാമന്ത തന്നെയാണ് തന്‍റെ രോഗം വെളിപ്പെടുത്തി രംഗത്തെത്തിയത്.