നടി ശോഭിത ധുതിപാലയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹനിശ്ചത്തിന്‍റെ വാര്‍ത്ത ആരാധകര്‍ക്കൊരു സര്‍പ്രൈസ് ആയിരുന്നു. അതീവരഹസ്യമായി സൂക്ഷിച്ച പ്രണയത്തെക്കുറിച്ച് ഇരുവരും തങ്ങളുടെ വിവാഹനിശ്ചത്തോടെയാണ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തന്‍റെ വിവാഹസങ്കല്‍പങ്ങളെക്കുറിച്ചും അമ്മയാകാനുള്ള അഗ്രഹത്തെക്കുറിച്ചുമെല്ലാം മനസ്സ് തുറന്നിരിക്കുകയാണ് ശോഭിത. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വിവാഹജീവിതത്തെ കുറിച്ച് വളരെയധികം സ്വപ്നം കണ്ടിരുന്നയാളാണ് താന്‍ എന്നാണ് ശോഭിത പറയുന്നത്. വിവാഹത്തിനു ശേഷം സന്തോഷത്തോടെ ജീവിക്കുന്നതും അമ്മയാകുന്നതുമെല്ലാം സങ്കല്‍പിച്ചു നോക്കിയിട്ടുണ്ട്. അമ്മയാകാന്‍ അതിയായ ആഗ്രഹമുണ്ട്. മാതൃത്വമെന്താണെന്ന് അനുഭവിച്ചറിയണം. അതിനെക്കുറിച്ച് വ്യക്തമായ ധാരണ എനിക്കുണ്ട്. മാതൃത്വം എന്ന വികാരത്തിലേക്ക് എന്‍റെ മനസ്സിനെ ഞാന്‍ പാകപ്പെടുത്തിയിട്ടുണ്ട്. എന്‍റെ സങ്കല്‍പം പോലെ മധുരമുള്ളതാകും അത് എന്ന പ്രത്യാശയാണ് താരം പങ്കുവച്ചിരിക്കുന്നത്.

വളരെ അടുത്ത ബന്ധുക്കളും വേണ്ടപ്പെട്ടവരും മാത്രമുള്ള ചെറിയ ചടങ്ങായിരുന്നു ശോഭിത– നാഗചൈതന്യ വിവാഹനിശ്ചയം. ഇതിനെക്കുറിച്ചും താരം സംസാരിച്ചിട്ടുണ്ട്. അത്യാഢംബരം വേണമെന്നുണ്ടായിരുന്നില്ല, വളരെ ശാന്തവും പൂര്‍ണതയുള്ളതുമായിരുന്നു ആ ചടങ്ങ്. മനസ്സ് നിറഞ്ഞ നിമിഷങ്ങളായിരുന്നു അത് എന്നാണ് ശോഭിത പറഞ്ഞത്. വിവാഹവും അങ്ങനെ തന്നെയായിരിക്കുമെന്നാണ് സൂചന.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആയിരിക്കും എന്ന സൂചന നേരത്തെ നാഗ ചൈതന്യ നല്‍കിയിരുന്നു. രാജസ്ഥാനിലാവും വിവാഹമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിവാഹ തീയതി, സ്ഥലം തുടങ്ങിയ കാര്യങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് വിവാഹം. അത് ആഢംബരം കാണിക്കാനുള്ളതല്ല, മറിച്ച് സംസ്കാരത്തേയും ആചാരങ്ങളെയും ചേര്‍ത്തുപിടിക്കുന്നതാകണം. അങ്ങനെയൊരു വിവാഹമാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് നാഗ ചൈതന്യ നേരത്തെ പറഞ്ഞിരുന്നു.

ENGLISH SUMMARY:

Sobhita Dhulipala shares her dream to be a mom and running a family life. She revealed that she always imagined herself in a happy state after getting married and embracing motherhood. Naga Chaitanya and Sobhita Dhulipala's wedding details are not revealed yet.