prayaga-case

ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്‍റെയും നടന്‍ ശ്രീനാഥ് ഭാസിയുടെയും പേര് ഉയര്‍ന്നുവന്നതാണ് സമൂഹമാധ്യമത്തില്‍ സജീവ ചര്‍ച്ച. ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെ.കെ ഓംപ്രകാശിനെ കാണാനെത്തിയവരിൽ ഇരുവരുമുണ്ടായിരുന്നുവെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിലുണ്ട്. ഇതോടെയാണ് താരങ്ങള്‍ക്കെതിരെ വ്യാപകപ്രചരണം നടക്കുന്നത്.

പ്രയാഗ മാര്‍ട്ടിന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിറയെ ഹേറ്റേഴ്സിന്‍റെ കമന്‍റുകള്‍ വന്നുനിറയുകയാണ്. ഇതിനിടെ വിഷയത്തില്‍ താരം പ്രതികരിച്ചിട്ടുമുണ്ട്. കുറച്ചുനാളായി ജോലിയില്‍ നിന്ന് ബ്രേക്കെടുത്തിരിക്കുകയാണ്. ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണിപ്പോള്‍. വെജിറ്റേറിയന്‍ ഭക്ഷണവും യോഗയും ഡയറ്റുമൊക്കെയായി തുടരുകയാണ്. അതിനിടെയാണ് ഇങ്ങനെയൊരു സംഭവമുണ്ടായിരിക്കുന്നത്.

‘ഞാൻ ഈ പറയുന്ന ലഹരി പദാർത്ഥങ്ങൾ ഒന്നും ഉപയോഗിക്കാറില്ല. വ്യാജ പ്രചരണം നടക്കുമ്പോള്‍ അതൊക്കെ കേട്ടിട്ട് മിണ്ടാതെ നില്‍ക്കേണ്ട കാര്യവുമില്ല. പൊലീസ് ഇതുവരെ എന്നെ വിളിച്ചിട്ടില്ല, വിളിച്ചാൽ വിളിക്കട്ടെ ഞാൻ പോകും. അവർ അവരുടെ ജോലി ചെയ്യട്ടെ’ എന്നാണ് പ്രയാഗ പ്രതികരിച്ചിരിക്കുന്നത്. ലഹരിക്കേസ് വാര്‍ത്ത കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ താരം പോസ്റ്റു ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും ശ്രദ്ധേയമായി. ഹഹാ ഹിഹി ഹുഹു എന്നെഴുതിയ ബോര്‍ഡാണ് പ്രയാഗ പങ്കുവച്ചത്. 

Also Read: ഹ..ഹാ.ഹി..ഹു ; പരിഹാസം നിറഞ്ഞ ഇന്‍സ്റ്റാ സ്റ്റോറിയുമായി പ്രയാഗ മാർട്ടിന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനുപിന്നാലെയുണ്ടായ ലൈംഗികാതിക്രമ കേസുകളിലും വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച് ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുറത്തുവരുന്നത്. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനുമടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

ENGLISH SUMMARY:

I never use such drugs. Prayaga Martin breaks her silence in Drug Case in connection with goon Omprakash.