ലഹരിക്കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് കെ.കെ.ഓംപ്രകാശിനെ കാണാനെത്തിയവരിൽ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനുമുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ഇതിന് പിന്നാലെയാണ് പരിഹാസം നിറഞ്ഞ് ഇന്‍സ്റ്റാ സ്റ്റോറിയുമായി പ്രയാഗ മാർട്ടിന്‍ എത്തിയത്. ഹഹാ ഹിഹി ഹുഹു എന്നെഴുതിയ ബോര്‍ഡാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി താരം ഇട്ടിരിക്കുന്നത്.
Also Read : ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍; താരങ്ങളെ ചോദ്യം ചെയ്യും
അതേസമയം കൊച്ചിയില്‍ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശ് ഹോട്ടലില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിച്ചെന്ന സംശയവും ഓംപ്രകാശിനെ കാണാനായി സിനിമയിലെ യുവതാരങ്ങള്‍ എത്തിയെന്ന വാര്‍ത്തയുടെയും ഞെട്ടലിലാണ് മലയാള ചലച്ചിത്രലോകം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനുപിന്നാലെയുണ്ടായ ലൈംഗികാതിക്രമ കേസുകളിലും വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച് ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുറത്തുവരുന്നത്. ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്‍ രണ്ടുപേര്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേര്‍ കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ ബുക്ക് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു,
സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ബാലതാരമായാണ് പ്രയാഗ മലയാള സിനിമയിലെത്തുന്നത്. തമിഴ് സിനിമാ ലോകമാണ് പ്രയാഗ മാർട്ടിനെ നായികയായി രംഗപ്രവേശം ചെയ്യിപ്പിച്ചത്. പിസാസ് എന്ന സിനിമയിൽ ഭവാനി എന്ന റോൾ ചെയ്തത് പ്രയാഗ മാർട്ടിൻ ആണ്. ഇതിനുശേഷം ഒരു മുറൈ വന്ത് പാർത്തായ, പാവ, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ പ്രയാഗ കൈകാര്യം ചെയ്തു. പ്രയാഗയുടെ തീർത്തും വിചിത്രമായ ഗെറ്റപ്പുകൾ സോഷ്യൽ മീഡിയയിൽ സ്ഥിരം ചർച്ചയാവാറുണ്ട്. തലമുടിയിലാണ് പ്രയാഗ പ്രധാനമായും പരീക്ഷണങ്ങൾ നടത്തുക.
അതേസമയം, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഓംപ്രകാശിനും ഷിഹാസിനും ജാമ്യം അനുവദിച്ചു. വ്യവസായി പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓംപ്രകാശ്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ ഏതാനും ദിവസം മുമ്പ് കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് കരുതുന്നത്. ലഹരിമരുന്ന് സംഘങ്ങളെ പിടികൂടുന്ന ഡൻസാഫ് സംഘത്തിനാണ് ഓംപ്രകാശുമായി ബന്ധപ്പെട്ടു ലഹരി ഇടപാടുകൾ നടക്കുന്നു എന്ന വിവരം ലഭിക്കുന്നത്. നാലു ലീറ്ററിലധികം മദ്യം ഇവിടെ ഉണ്ടായിരുന്നു എന്നു പൊലീസ് പറയുന്നു. മാത്രമല്ല, കൊക്കെയ്ൻ ഉപയോഗിച്ചതിനുശേഷമുള്ള ചില അവശിഷ്ടങ്ങളും മുറിയിൽനിന്നു കണ്ടെടുത്തു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നതറിയാനുള്ള രക്തപരിശോധനയ്ക്കുള്ള സാംപിളും പൊലീസ് ശേഖരിച്ചിരുന്നു.