manju-warrier-happiness

TOPICS COVERED

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍. നീണ്ട ഇടവേളക്ക് ശേഷം തിരികെ വന്നപ്പോഴും നിറഞ്ഞ മനസോടെയാണ് മലയാള പ്രേക്ഷകര്‍ താരത്തെ സ്വീകരിച്ചത്. സദാ പ്രസന്നവദനയായി ആണ് ഏത് വേളയിലും മഞ്ജുവിനെ കാണാറുള്ളത്. തന്‍റെ സന്തോഷത്തിന്‍റെ രഹസ്യം വെളിപ്പെടുത്തുകയാണ് മഞ്ജു. സന്തോഷത്തിനായി ഒന്നിനേയും ആശ്രയിക്കരുതെന്നും ഒറ്റക്കിരുന്നാലും താന്‍ സന്തോഷവതിയാണെന്നും മഞ്ജു പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 

'സന്തോഷത്തിനായി ഒന്നിനേയും ആശ്രയിക്കരുത്. ചിലത് കേട്ടാലോ കണ്ടാലോ മാത്രമേ സന്തോഷിക്കൂ എന്ന് ചിന്തിക്കരുത്. ഇതൊന്നുമില്ലെങ്കിലും സന്തോഷത്തോടെയിരിക്കണം. നിങ്ങള്‍ നിങ്ങളില്‍ സന്തോഷവാനായിരിക്കണം. സന്തോഷിക്കാന്‍ പുറത്തുനിന്ന് ഒന്നിന്‍റേയും സഹായം പ്രതീക്ഷിക്കരുത്. ഇഷ്​ടമുള്ള ഒരാള്‍ എന്‍റെ കൂടെ ഉണ്ടെങ്കിലേ സന്തോഷിക്കാവൂ എന്നൊന്നുമില്ല. ഒറ്റക്കിരുന്നാലും ഒന്നും ചെയ്​തില്ലെങ്കിലും ഞാന്‍ ഹാപ്പിയാണ്. ഇത് നല്ലതാണോ മോശമാണോ എന്നൊന്നും എനിക്കറിയില്ല. ഒന്നും ചെയ്യാതെ എത്ര നേരം വേണമെങ്കിലും ഞാന്‍ ഇരിക്കും,' മഞ്ജു വാര്യര്‍ പറഞ്ഞു. 

രജിനികാന്തിന്‍റെ നായികയായി അഭിനയിച്ച വേട്ടയ്യനാണ് പുതുതായി പുറത്തുവന്ന മഞ്ജുവിന്‍റെ ചിത്രം. ചിത്രത്തിലെ താരത്തിന്‍റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ മനസിലായോ എന്ന പാട്ടും മഞ്ജുവിന്‍റെ ഡാന്‍സും തരംഗമായിരുന്നു. ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്​ത ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയാണ് നിര്‍മിച്ചത്. 

ഫഹദ് ഫാസിൽ, സാബുമോൻ അബ്ദുസമദ്, അലൻസിയർ, തന്മയ സോൾ, രമ്യ സുരേഷ്, അഭിരാമി, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്,  എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്. 

ENGLISH SUMMARY:

Manju Warrier reveals the secret of her happiness