നടി അഹാന കൃഷ്ണയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് അച്ഛന്‍ കൃഷ്ണകുമാര്‍. അഹാനയുമൊത്തുള്ള പഴയകാല ചിത്രങ്ങളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കിട്ടു. അഹാന കൈക്കുഞ്ഞായിരുന്നപ്പോഴുള്ള ചിത്രം മുതല്‍ ഏറ്റവും പുതിയ ചിത്രം ഉള്‍പ്പടെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടി, ഒരുപാട് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കുകയും എല്ലാ സുഖ ദുഃഖങ്ങളിലും ഒപ്പം നിൽക്കുകയും ചെയ്ത അഹാനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ.. – കൃഷ്ണകുമാര്‍ കുറിച്ചു.
ഇപ്പോള്‍ അമ്മയ്ക്കൊപ്പം അഹാന അബുദാബിയിലാണുള്ളത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അഹാനയുടെ പിറന്നാൾ ദിനമായ ഇന്ന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
ബാലിയില്‍ അവധി ആഘോഷിക്കാന്‍ പോയ കൃഷ്ണകുമാറിന്‍റെയും കുടുംബത്തിന്‍റെയും വിഡിയോ ഈയിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാലി യാത്ര മൂന്നുമിനിറ്റില്‍ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാലിയിലെത്തിയ മുതല്‍ തിരിച്ച് നാട്ടിലേക്ക് തിരിക്കും വരെയുള്ള യാത്ര വിഡിയോയില്‍ കാണാം.
അടുത്തിടെ വിവാഹിതരായ ദിയയ്ക്കും അശ്വിനുമൊപ്പമാണ് കുടുംബം ഒന്നടങ്കം ബാലിയില്‍ വിനോദയാത്രക്ക് പോയത്. ബാലിയില്‍ നിന്നുള്ള കുടുബത്തിന്‍റെ ചിത്രങ്ങള്‍ നേരത്തെയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാലിയിലെ വിശേഷങ്ങള്‍ ദിയ തന്‍റെ ഫോളോവേഴ്സുമായി നിരന്തരം പങ്കുവയ്ക്കുന്നുണ്ട്.
ബാലിയില്‍ നിന്ന് തലൈവരുടെ 'മനസിലായോ' ഗാനത്തിന് ദിയയ്ക്കും അശ്വിനും ഒപ്പം കൃഷ്ണകുമാറും സിന്ധുവും ചുവടുവയ്ക്കുന്ന വിഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായ റീലിന് ഒട്ടേറെ പ്രതികരണങ്ങളാണ് എത്തിയത്.