മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റിലായതിനു പിന്നാലെയാണ് സമൂഹമാധ്യമലോകവും. ലൂസിഫര്‍ സിനിമയിലെ ഹിറ്റ് ഡയലോഗ് ഓര്‍മിപ്പിച്ചാണ് പ്രതികരണങ്ങളേറെയും. ലൂസിഫറിലെ അലോഷിയെന്ന കലാഭവന്‍ ഷാജോണിന്‍റെ കഥാപാത്രത്തെ കൊലപ്പെടുത്തും മുന്‍പ് ബൈജു പറയുന്ന ഡയലോഗാണ് പ്രതികരണങ്ങളിലും ഹിറ്റ് .‘ ഒരു മര്യാദയോക്കെ വേണ്ടേ’ എന്നു പറഞ്ഞാണ് ബൈജു അലോഷിയെ കൊലപ്പെടുത്തുന്നത്. ഇതേ ഡയലോഗ് ആണ് ഇപ്പോള്‍ മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ നടനെതിരെ മിക്കവരും പ്രയോഗിക്കുന്നത്.
നടന്‍ ബൈജു അടിച്ചു ഫിറ്റായിരുന്നെന്നും, നല്ല സ്പീഡിലായിരുന്നു വണ്ടിയോടിച്ചു വന്നതെന്നുമാണ് ദൃക്സാക്ഷികളായവര്‍ പറഞ്ഞത്. ബലം പ്രയോഗിച്ചാണ് വാഹനത്തില്‍ നിന്നും ബൈജുവിനെ പുറത്തെത്തിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം സിനിമാക്കാര്‍ക്കായി ഒരു സ്റ്റേഷനും ജയിലും ഉണ്ടാക്കേണ്ടി വരുമെന്നും ഇല്ലെങ്കില്‍ നാട്ടുകാരുടെ കാര്യം നോക്കാന്‍ പൊലീസിനു സമയമുണ്ടാകില്ലെന്നുമാണ് മറ്റു ചില പ്രതികരണങ്ങള്‍.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇന്നുരാവിലെയാണ് നടന്‍ ബൈജു അറസ്റ്റിലായത്. തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം. ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുതപോസ്റ്റിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ തെറിച്ചുവീണെങ്കിലും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ നടന്‍ തയ്യാറായിരുന്നില്ല.
ബൈജുവിനെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ തന്നെ മദ്യത്തിന്‍റെ ഗന്ധം നന്നായിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യപിച്ചും അലക്ഷ്യമായും വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയ ഭാഗത്തിനു സമീപത്തു തന്നെയാണ് ഇന്നത്തെ അപകടവും സംഭവിച്ചിരിക്കുന്നത്.