mammooty-avanazi

‘ഇൻസ്പെക്ടർ ബൽറാം' എന്ന ചൂടൻ പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞാടിയ 'ആവനാഴി' 38 വർഷത്തിന് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 4 കെ ദൃശ്യ മികവോടെയാണ് ചിത്രം വീണ്ടും  എത്തുന്നത്. 2025 ജനുവരി മൂന്നിനാണ് ചിത്രം  തിയറ്ററുകളിലെത്തുന്നത്. ചിത്രം വീണ്ടും എത്തുമ്പോൾ വലിയ ആകാംക്ഷയിലാണ് ആരാധകർ.

1986 സെപ്റ്റംബർ 12 ന് റീലീസ് ചെയ്ത ചിത്രം മലയാള സിനിമ അന്നേ വരെ കണ്ടതിൽ വെച്ചുള്ള ഏറ്റവും വലിയ വിജയമായിരുന്നു. ടി ദാമോദരൻ്റെ രചനയിൽ ഐ വി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്.സർവകാല റെക്കോർഡ് ഇനിഷ്യൽ കലക്ഷനോടെ തുടക്കം കുറിച്ച ചിത്രം റിലീസ് ചെയ്ത് 20 തിയറ്ററിലും റെഗുലർ ഷോസോടെ 25 ദിവസം പൂർത്തിയാക്കുന്ന ആദ്യ മലയാള ചിത്രമായി മാറുകയായിരുന്നു. 100 ദിവസവും കടന്നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടർന്നത്. അന്നത്തെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളാണ് ചിത്രം കൈകാര്യം ചെയ്തത്. മമ്മൂട്ടിയെ കൂടാതെ ഗീത, സീമ, സുകുമാരൻ, ക്യാപ്റ്റൻ രാജു, ജനാർദനൻ, ജഗന്നാഥ വർമ്മ, ഇന്നസെൻ്റ്, തിക്കുറിശി സുകുമാരൻ നായർ, ശ്രീനിവാസൻ, ശങ്കരാടി എന്നിവരുടെ മികച്ച പ്രകടനം കൂടിയാണ് ചിത്രത്തെ ഹിറ്റാക്കി മാറ്റിയത്. നേരത്തെ മമ്മൂട്ടി ചിത്രം പാലേരിമാണിക്യം റീ റിലീസിന് എത്തിയിരുന്നു. 

ENGLISH SUMMARY:

Mammootty’s 1986 Classic Aavanazhi Set For Theatrical Re-release