TOPICS COVERED

കെജിഎഫ് 2 എന്ന വമ്പന്‍ ചിത്രത്തിന് ശേഷം ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്ന ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്​സിക്കില്‍ താന്‍ അഭിനയിക്കും എന്ന യാഷിന്റെ പ്രഖ്യാപനം എത്തിയത്. കെജിഎഫ് 2ന് ശേഷം 2 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അടുത്ത ചിത്രം താരം പ്രഖ്യാപിച്ചത്. ഏതെങ്കിലും വമ്പന്‍ കൊമേര്‍ഷ്യല്‍ പ്രൊജക്​ടിന്‍റെ ഭാഗമാവും യാഷ് എന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായിരുന്നു തീരുമാനം. 

ഗീതുവിന്‍റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള കാരണത്തെ പറ്റി പറയുകയാണ് യാഷ്. സംവിധായികയുടെ മുന്‍ ചിത്രങ്ങളൊന്നും താന്‍ കണ്ടിട്ടില്ലെന്നും ഗീതുവിന്‍റെ കഥയും അവരുടെ പാഷനുമാണ് തന്നെ ആകര്‍ഷിച്ചതെന്നുമാണ് യാഷ് പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു താരം. 

'ഇത് വളരെ ലളിതമാണ്. കഥ പറയുന്ന ആള്‍ക്ക് അതിനോടുള്ള പാഷന്‍, എന്തുതരം സിനിമയാണ് അയാള്‍ പറയുന്നത് എന്നൊക്കെയാണ് ഞാന്‍ നോക്കുന്നത്. സത്യം പറഞ്ഞാല്‍ ഗീതു മോഹന്‍ദാസിന്‍റെ ഒരു ചിത്രവും ഇതുവരെ കണ്ടിട്ടില്ല. ഈ ചിത്രം തിരഞ്ഞെടുക്കാന്‍ കാരണം അവര്‍ തന്നെയാണ്. ശരിയായ കാഴ്​ചപ്പാടോടെയും അതിയായ പാഷനോടെയുമാണ് അവര്‍ വന്നത്. അവരുടെ സമയം ഇതിനായി ചിലവഴിക്കുന്നതിനേയും എന്താണ് വേണ്ടതെന്നുള്ള ബോധ്യത്തേയും ഞാന്‍ ആരാധിക്കുന്നു. രണ്ട് വ്യത്യസ്​തമായ ലോകങ്ങളാണ് ഒന്നിക്കുന്നത്. ഇതാണ് അതിനുള്ള ശരിയായ സമയം എന്നാണ് തോന്നുന്നത്. 

ഒരു കഥ പറയുമ്പോള്‍ അത് മികച്ചതായിരിക്കണം. കഥ എല്ലാവര്‍ക്കും ഇഷ്​ടപ്പെടുന്ന തരത്തിലുള്ളതാണെങ്കില്‍ അതൊരു കൊമേര്‍ഷ്യല്‍ സിനിമയായി മാറും. എല്ലാ സിനിമക്കും ഒരു വിഷന്‍ ഉണ്ടാവും. ഗീതു മുമ്പ് ചെയ്​തതൊക്കെ വ്യത്യസ്​തമായ സിനിമകളായിരിക്കാം. ഇത് അതില്‍നിന്നും തികച്ചും  വ്യത്യസ്​തമായ സിനിമയാണ്. എന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു സിനിമ ചെയ്യണമെങ്കിലും അത്രയും പാഷനും സമയവും ഊര്‍ജവും അതിനായി ചെലവഴിക്കാനുള്ള സമര്‍പ്പണം ഉണ്ടാവണം. മറ്റുള്ളവര്‍ എന്താവും പറയുക എന്ന് ഞാന്‍ ശ്രദ്ധിക്കില്ല. എന്‍റെ ഹൃദയം പറയുന്നത് എന്താണെന്നേ ഞാന്‍ കേള്‍ക്കുകയുള്ളൂ,' യാഷ് പറഞ്ഞു. 

ENGLISH SUMMARY:

Yash talks about the reason for acting in Geethu Mohandas's film