നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരശീലയില്‍ വീണ്ടും തിരിച്ചെത്തി യഷ്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സികിന്റെ ആദ്യഗ്ലിംപ്സ് പുറത്തിറക്കി. വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ച് സ്റ്റൈലിഷായി ക്ലബ്ബിലേക്ക് നടക്കുന്ന യഷിനെയാണ് ഗ്ലിംപ്സില്‍ കാണുന്നത്. മലയാളി താരം സുദേവ് നായരും ഒപ്പമുണ്ട്.
യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. നിവിൻ പോളി നായകനായെത്തിയ മൂത്തോനാണ് ഗീതു ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. 2025ല്‍ സിനിമാ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന റിലീസുകളിലൊന്നുകൂടിയാണ് ടോക്സിക്. ഏപ്രിൽ 10-നാണ് സിനിമ റിലീസ് ചെയ്യുന്നത്.
2022ല്‍ പുറത്തുവന്ന പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് 2 ആണ് ഒടുവില്‍ പുറത്തുവന്ന യഷ് ചിത്രം. വമ്പന്‍ ഹിറ്റായ ചിത്രത്തിന് ശേഷം യഷ് മറ്റ് പ്രോജക്ടുകളൊന്നും കമ്മിറ്റ് ചെയ്തിരുന്നില്ല. നല്ലൊരു കഥക്കായി താന്‍ കാത്തിരിക്കുകയായിരുന്നു എന്നായിരുന്നു ഇതിന് താരത്തിന്റെ വിശദീകരണം. ഒരുപാട് കാത്തിരുന്ന സെലക്ട് ചെയ്ത ടോക്സിക് നിരാശപ്പെടുത്തില്ല എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.