accident-car

ജോലി സ്ഥാപനങ്ങളിലെ മോശം തൊഴില്‍  അന്തരീക്ഷത്തെ പറ്റി വലിയ ചര്‍ച്ചകളാണ് സമീപ ദിവങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജോലി സമ്മര്‍ദം താങ്ങാനാവാതെ മലയാളിയായ അന്ന സെബാസ്​റ്റ്യന്‍ ആത്മഹത്യ ചെയ്​തതിന് പിന്നാലെയാണ് ഇത്തരം ചര്‍ച്ചകള്‍ കൂടുതലായി ഉണ്ടാവാന്‍ തുടങ്ങിയത്. ജോലി ചെയ്​ത കമ്പനിയുടെ ചെയര്‍മാന് അന്നയുടെ അമ്മ അയച്ച കത്തും അന്ത്യ കര്‍മങ്ങളില്‍ കമ്പനിയിലെ ഒറ്റ ജീവനക്കാര്‍ പോലും പങ്കെടുക്കാതിരുന്നതും വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ ഒട്ടേറെ പേരാണ് ജോലി ചെയ്യുന്ന കമ്പനികളിലെ  ചൂഷണങ്ങളും ദുരവസ്ഥയും തുറന്നു പറഞ്ഞു രംഗത്തെത്തിയത്. 

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വന്നിട്ടും മനുഷ്യത്വം തൊട്ടുതീണ്ടുന്ന പെരുമാറ്റമോ കരുണയോ ജീവനക്കാര്‍ പ്രതീക്ഷിക്കണ്ട എന്ന് സൂചിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. @kirawontmiss എന്ന എക്​സ് അക്കൗണ്ടില്‍ നിന്നും വന്ന പോസ്​റ്റ് സോഷ്യലിടങ്ങളില്‍ വലിയ ചര്‍ച്ചയാവുകയാണ്. അപകടത്തില്‍ പെട്ട കാറിന്‍റെ ചിത്രം അയച്ചിട്ടും എപ്പോഴാണ് ഓഫീസില്‍ എത്തുന്നത് എന്നാണ് മാനേജര്‍  ചോദിച്ചത്. 

ഇതിനു മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ പിറ്റേ ദിവസം മറ്റൊരു മെസേജ് കൂടെ മാനേജര്‍ അയച്ചു. 'നിങ്ങള്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാവുന്നതേയുള്ളു. പക്ഷെ കുടുംബത്തില്‍ ആരെങ്കിലും മരണപ്പെടുകയോ മറ്റോ പോലുള്ള കാരണങ്ങളല്ലാതെ ഒരു കമ്പനിയും നിങ്ങള്‍ക്ക് അവധി തരില്ലെന്നായിരുന്നു' രണ്ടാമത്തെ മെസേജ്. നിങ്ങളുടെ മാനേജറാണ് ഇത്തരത്തില്‍ പറയുന്നതെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണമെന്ന ചോദ്യത്തോടെയാണ് ട്വിറ്ററില്‍ ഈ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞെട്ടലോടെയാണ് എക്​സ് ഉപഭോക്​താക്കള്‍ പോസ്​റ്റിനോട് പ്രതികരിച്ചത്. ഇതുപോലെയുള്ള മാനേജര്‍മാര്‍ പേടിപ്പിക്കുന്നുവെന്നും താങ്കളുടെ ജീവിതം അത്ര കഷ്​ടപ്പാടിലാണോ എന്നും ഒരാള്‍ കുറിച്ചു. താനാണെങ്കില്‍ ഈ ജോലി രാജി വക്കുമെന്ന് മറ്റൊരാള്‍ കുറിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ ഒരിക്കലും ജോലി ചെയ്യരുതെന്നും ചിലര്‍ കുറിച്ചു. 

ENGLISH SUMMARY:

Even after sending the picture of the accident car, the manager asked when the employee will reach the office