സിനിമയില്‍ വില്ലൻമാരോടാണല്ലോ ശത്രുത.വില്ലത്തരം തിരശീലയിലാണെങ്കിലും മനസിലേക്കെടുക്കുന്ന ആസ്വാദകരും കുറവല്ല.അഭിനയമെന്നതെല്ലാം മറന്ന് വെറുപ്പ് വില്ലൻ വേഷം ചെയ്ത താരത്തോടു തോന്നുന്നതും സ്വാഭാവികം. അതില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെ തന്‍റെ അഭിനയത്തികവിനുള്ള അംഗീകാരമായാണ് അവര്‍ കാണുന്നതും . പക്ഷേ ഈ വെറുപ്പ് അതിരുകടന്നാല്‍ എന്തു ചെയ്യും? ചിലര്‍ എന്തും ചെയ്തുകളയും? അത്തരമൊരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ഹൈദരാബാദ് സാക്ഷിയായത്.‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയില്‍ വില്ലനായി എത്തിയ നടൻ എൻ.ടി രാമസ്വാമി നേരിട്ടത് വിവരണാതീതമായ പ്രതികരണമാണ്.
‘ലവ് റെഡ്ഡി‘ യുടെ അണിയറപ്രവർത്തകർ തിയേറ്റർ സന്ദര്‍ശിച്ചപ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. താരങ്ങള്‍ ആരാധാകരുമായി സംവദിക്കുന്നതിനിടെ ഒരു സ്ത്രീ രാമസ്വാമിക്കടുത്തേക്ക് പാഞ്ഞടുത്തു. കോളറില്‍ പിടികൂടി അടിക്കാന്‍ കയ്യോങ്ങി. ഒപ്പമുണ്ടായിരുന്നവര്‍ സ്ത്രീയ പിടിച്ചുമാറ്റിയെങ്കിലും വില്ലന്‍ ശരിക്കും വിരണ്ടുപോയി. നായികയെ വില്ലൻ കല്ലെടുത്തെറിഞ്ഞ സീനാണ് സ്ത്രീയെ പ്രകോപിപ്പിച്ചത്.
എന്തായാലും സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ വൈറലായതോടെ ഇത് സിനിമാക്കാരുടെ പ്രൊമോഷന്‍ സ്റ്റണ്ടാണെന്നാണ് ഒരു വിഭാഗം പറയുന്നത്.
സ്മരൻ റെഡ്ഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അഞ്ജൻ രാമചന്ദ്ര, ശ്രവണി കൃഷ്ണവേണി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒക്ടോബർ 18 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.