ശരവണൻ ശിവകുമാർ എന്ന വിലാസത്തില്‍ നിന്ന് സിനിമയിലേക്കുള്ള തന്‍റെ പരിണാമത്തെക്കുറിച്ച് വാചലനാകുകയാണ് തമിഴ് സൂപ്പര്‍താരം സൂര്യ. നടനാകണമെന്നായിരുന്നില്ല തന്‍റെ ആഗ്രഹം പക്ഷേ, അമ്മയുടെ കടങ്ങള്‍ തീര്‍ക്കാന്‍ ഈ വഴി തിരഞ്ഞെടുക്കേണ്ടി വന്നു എന്നാണ് സൂര്യ വെളിപ്പെടുത്തിയിരിക്കുന്നത്. ‘കങ്കുവ’ എന്ന സൂര്യയുടെ പുത്തന്‍ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെയാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിനെക്കുറിച്ച് സൂര്യ പറഞ്ഞിരിക്കുന്നത്.
അഭിമുഖത്തില്‍ സൂര്യ പറഞ്ഞത്;
‘ഞാൻ ഗാർമെന്റ് ഇൻഡസ്ട്രിയിൽ ജോലി ചെയ്തിട്ടുണ്ട്. ആദ്യത്തെ 15 ദിവസം ഒരു ട്രെയിനി ആയിരുന്നു. 750 രൂപയായിരുന്നു അന്നത്തെ ശമ്പളം. ആറുമാസത്തോളം ഞാന്‍ ആരാണ് എന്നതിനെക്കുറിച്ച് അവിടെയുള്ളവര്‍ക്ക് അറിയില്ലായിരുന്നു. ഒരു നടന്‍റെ മകനാണെന്ന യാതൊരു സൂചനയും ഞാന്‍ നല്‍കിയിരുന്നില്ല. ട്രെയിനിങ് കഴിഞ്ഞപ്പോള്‍ 1200 രൂപ മാസശമ്പളമായി. മൂന്ന് വർഷത്തോളം അവിടെ ജോലി ചെയ്തു. അപ്പോഴേക്കും എന്റെ ശമ്പളം 8,000 രൂപയായി.
വീട്ടിൽ ചെറിയ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. ഒരു ദിവസം ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അതേക്കുറിച്ച് അമ്മ എന്നോട് പറഞ്ഞത്. ഞാൻ 25,000 രൂപ കടം വാങ്ങി, നിന്‍റെ അച്ഛന് അതറിയില്ല' എന്ന് അമ്മ പറഞ്ഞു. അമ്മയെന്തിനാണ് കടം വാങ്ങിയത്, അച്ഛന്‍റെയും അമ്മയുടെയും സമ്പാദ്യം എവിടെയെന്ന് ഞാന്‍ ചോദിച്ചു. അച്ഛന്‍ ഒരു നടനാണല്ലോ, അദ്ദേഹത്തിന്‍റെ ബാങ്ക് ബാലന്‍ കോടികള്‍ കാണുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതായിരുന്നില്ല സാഹചര്യം.
അച്ഛൻ ഒരിക്കലും ശമ്പളം ചോദിച്ച് വാങ്ങിയിരിന്നില്ല. നിർമ്മാതാക്കൾ നല്‍കുന്നതു വരെ കാത്തിരിക്കും. അച്ഛൻ അധികം സിനിമകളോ പ്രൊജക്റ്റുകളോ ചെയ്യാത്ത സമയത്താണ് അമ്മ ഇക്കാര്യങ്ങള്‍ എന്നോട് പറയുന്നത്. ഞങ്ങളുടെ ബാങ്ക് ബാലൻസ് ഒരിക്കലും ഒരു ലക്ഷത്തിൽ കൂടുതലായിട്ടില്ലെന്ന് അമ്മ എന്നോട് പറഞ്ഞു. കടം വീട്ടാൻ ബുദ്ധിമുട്ടുന്നത് കണ്ടത് എന്നെ മാനസികമായി വല്ലാതെ ബാധിച്ചു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.
സ്വന്തമായി ഒരു ഫാക്ടറി തുടങ്ങണം എന്നതാിരുന്നു എന്‍റെ ആഗ്രഹം. ഒരു കോടി രൂപയെങ്കിലും അച്ഛന്‍ അതിനായി എനിക്ക് തരുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷേ അമ്മ ഇക്കാര്യങ്ങള്‍ എന്നോട് പറഞ്ഞത് വലിയ ഞെട്ടലാണുണ്ടാക്കിയത്. അച്ഛൻ നടൻ ആയതിനാൽ തന്നെ അഭിനയിക്കാൻ ഒരുപാട് ഓഫറുകൾ ലഭിച്ചിരുന്നു. പക്ഷേ, ഞാൻ ഒരിക്കലും സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നില്ല. കാമറയ്ക്കു മുന്നില്‍ എത്തുന്നതിന് അഞ്ചുദിവസം മുന്‍പ് വരെ ഞാന്‍ ഒരു നടനാകുമെന്ന വിശ്വാസം എനിക്ക് എന്നില്‍ തന്നെയുണ്ടായിരുന്നില്ല.
അമ്മയുടെ കടം വീട്ടാനാണ് ഞാൻ സിനിമ തിരഞ്ഞെടുത്തത്. അങ്ങനെയാണ് ഞാൻ സൂര്യയായത്. എന്‍റെ ആദ്യ ഷോട്ട് എടുക്കുമ്പോൾ, ആയിരക്കണക്കിന് ആളുകൾ സെറ്റിലുണ്ടായിരുന്നു. അവർക്ക് ഞാൻ ആരാണെന്ന് ഒരു സൂചനയും ഇല്ലായിരുന്നു, എന്നിട്ടും, എന്‍റെ ഷോട്ടിന് ശേഷം, അവർ കയ്യടിക്കുന്നതു ഞാൻ കേട്ടു. അന്നുമുതൽ എനിക്ക് നിരുപാധികമായ സ്നേഹം ലഭിക്കുന്നു. തലമുറകൾ മാറി കാണും, പ്രേക്ഷകരും. പക്ഷേ, ആ സ്നേഹത്തിനു മാറ്റമില്ല. അതുകൊണ്ട് അവർക്കു വേണ്ടിയാണ് ഞാൻ സിനിമകൾ ചെയ്യുന്നത്. ഇപ്പോൾ, 49ാം വയസ്സിലും ഞാൻ സിക്സ് പാക്ക് ആവശ്യപ്പെടുന്ന ഒരു സിനിമ ചെയ്തിട്ടുണ്ട്’