dulquer-salmaan-kok

TOPICS COVERED

വന്‍ഹൈപ്പില്‍ വന്ന് ബോക്സ്​ ഓഫീസില്‍ മൂക്ക് കുത്തി വീണ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍റെ കിങ് ഓഫ് കൊത്ത. ചിത്രത്തിന്‍റെ പരാജയശേഷം താരത്തിന്‍റെ ദീര്‍ഘനാളത്തെ ഇടവേള വലിയ ചര്‍ച്ച ആയിരുന്നു. ഇപ്പോഴിതാ കിങ് ഓഫ് കൊത്തയുടെ പരാജയത്തെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്‍റെ പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നതായും അടുത്ത തവണ നന്നായി പരിശ്രമിക്കുമെന്നും ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു. 

'ആ സിനിമ ഒരു വലിയ സ്വപ്​നമായിരുന്നു. ഞങ്ങള്‍ തന്നെയാണ് അത് നിര്‍മിച്ചത്. അതുകൊണ്ട് തന്നെ അത്രയും വലുതാക്കി തന്നെയാണ് സിനിമ ചെയ്​തത്. അതിന്‍റെ സംവിധായകന്‍റെ എന്‍റെ പഴയ സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തിന്‍റേയും ആദ്യചിത്രമായിരുന്നു. ചിലപ്പോള്‍ സിനിമയ്ക്ക് വലുപ്പം കൂടിയതാവാം, ആ സമയത്തെ അങ്ങനെ സ്വപ്​നം കണ്ടത് കടന്നു പോയതാവാം. 

ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ അത് എന്‍റെ ഉത്തരവാദിത്തമാണ്. കാരണം ഞാനാണ് ആ സിനിമയെ താങ്ങുന്നത്. സിനിമയുമായി ബന്ധപ്പെട്ട തലക്കെട്ടുകളിലും ഞാനാവും ഉണ്ടാവുക. അതിനാല്‍ പ്രേക്ഷകര്‍ക്ക് പരാതിയുണ്ടെങ്കില്‍, ഏതെങ്കിലും വിധത്തില്‍ ആ സിനിമ ഒരു വിജയമല്ലെങ്കില്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തവും കുറ്റപ്പെടുത്തലുകളും ഞാന്‍ ഏറ്റെടുക്കുന്നു. അടുത്ത തവണ കൂടുതല്‍ നന്നായി കഠിനാധ്വാനം ചെയ്യും,' ദുല്‍ഖര്‍ പറഞ്ഞു. 

ലക്കി ഭാസ്​കറാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. വെങ്കി അറ്റ്​ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനാക്ഷി ഛൗധരിയാണ് നായിക. മലയാളം അടക്കം അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ENGLISH SUMMARY:

Dulquer Salmaan talks about the failure of King Of Kotha